കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്കുകളിലൊന്നായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് (ടിഎംബി), ലോകപ്രശസ്തമായ ശ്രീ വെങ്കിടേശ്വരസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമലയില്‍ ഇ-ലോബി തുറന്നു. തിരുമല ബാലാജി ബസ്സ്റ്റാന്‍ഡിന് സമീപം സജ്ജീകരിച്ച ഇ-ലോബി, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി ധര്‍മ റെഡ്ഡി ഐഡിഇഎസ് ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി, ടിടിഡി അഡീഷണല്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ടി.വി ശിവകുമാര്‍ റെഡ്ഡി, ടിടിഡി അന്നദാനം ട്രസ്റ്റ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഹരീന്ദ്രനാഥ്, ടിടിഡി ക്ഷേത്രം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ എം.രമേശ് ബാബു, ടിടിഡി ആര്‍-1 ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ ലോകനാഥം എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. ബാങ്ക് ഉപഭോക്താക്കള്‍, ടിഎംബി ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവ്സ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
എടിഎം മെഷീന്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍, പാസ്ബുക്ക് പ്രിന്റിങ് സൗകര്യം, ചെക്ക് ഡെപ്പോസിറ്റ് കിയോസ്‌ക്, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് എന്നിവയെല്ലാം ഒരു മേല്‍ക്കൂരയില്‍ അണിനിരത്തിയുള്ള ഇ-ലോബി, എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും. തിരുമലയില്‍ ഇ-ലോബി തുറന്നതോടെ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന് രാജ്യമൊട്ടാകെ 51 ഇ-ലോബികളായി. ചടങ്ങില്‍ ബാങ്കിന്റെ തിരുപ്പതി ശാഖയിലെ ഏതാനും വായ്പാ ഗുണഭോക്താക്കള്‍ക്ക് അനുമതിപത്രങ്ങളും, ടിടിഡിയുടെ നേതൃത്വത്തിലുള്ള ശ്രീവെങ്കിടേശ്വരഭക്തി ചാനലിന് ബാങ്കിന്റെ വരിസംഖ്യയും കൈമാറി.
ശ്രീബാലാജിയുടെ പുണ്യസ്ഥലം സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും, പ്രദേശത്തെ ജനങ്ങള്‍ക്കുമായി ഇ-ലോബി സമര്‍പ്പിക്കുന്നുവെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ടിഎംബി എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി പറഞ്ഞു. ബാങ്കിങ് സാങ്കേതികവിദ്യ കൂടുതല്‍ ഉയരങ്ങളിലെത്തിയ കാലത്ത്, ഡിജിറ്റലൈസേഷനിലൂടെയും, ഇ-ലോബിയിലൂടെയും ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനെ കുറിച്ച് ടിഎംബി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.