ദില്ലി: പെട്രോൾ - ഡീസൽ വിലയിലെ മൂല്യവർധിത നികുതി കുറക്കുന്നതിൽ തർക്കം തുടരുന്നു. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. എക്സൈസ് തീരുവയിൽ ഇളവ് വരുത്താൻ ബിജെപി നിർബന്ധിതമായത് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി കാരണമെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്
പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ എൻഡിഎ ഭരിക്കുന്ന 16 സംസ്ഥാനങ്ങൾ മൂല്യ വർധിത നികുതി കുറച്ചിരുന്നു. കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ഒഡീഷയിലും പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കുറച്ചു.
എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. എന്നാൽ മൂല്യവർധിത നികുതി കുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. എന്നാൽ ആശ്വാസം പകരാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആത്മാർത്ഥമാണെങ്കിൽ ഇരുപത്തിയഞ്ചോ അൻപതോ രൂപ എങ്കിലും കുറക്കണണമെന്ന് ശിവസേന പ്രതികരിച്ചു.
പെട്രോളിനും ഡീസലിനും 12 രൂപയുടെ ഇളവുണ്ടാകുമെന്നാണ് ഉത്തർപ്രേദശ്, ഹരിയാന മുഖ്യമന്ത്രിമാർ അറിയിച്ചത്. ഹിമാചൽ പ്രദേശിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരക്ക് ഇളവുകൾക്ക് അനുസരിച്ച് പെട്രോളിന് 12 രൂപയായും ഡീസലിന് പതിനേഴ് രൂപയായും കുറയും. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ,മിസ്സോറം സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും മൂല്യ വർധിത നികുതി കുറച്ചിട്ടുണ്ട്.