രണ്ടായിരത്തി പത്തൊൻപതിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ' മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ' എന്ന ചിത്രം തൊണ്ണൂറ്റി നാലാമത് അക്കാദമി അവാർഡ്സിന്റെ മത്സര പട്ടികയിൽ ഇടം പിടിച്ചു. ജനുവരി 21 ന് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് മരയ്ക്കാറിന്റെ പേരും ഉള്ളത്. മരയ്ക്കാർ, ജയ് ഭീം. എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. പ്രിയദർശന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിയ്ക്കുന്നത്.
റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. 2021 ഡിസംബർ 2-നാണ് ഈ ചിത്രം റിലീസ് ചെയ്തത്.
ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പോസ്റ്റ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വിദേശത്താണ് നടന്നത്.
പ്രമുഖ ഓസ്കാർ കൺസൾട്ടേഷൻ സ്ഥാപനമായ കൊച്ചിയിലെ പ്രോജക്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിലാണ് ചിത്രം ഓസ്കാറിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.