സംസ്ഥാന ബിജെപിയെ പ്രതിസന്ധിയിലാക്കി കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്തനംതിട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തിലും രാജിവെച്ചു.
ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനി സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സിബി സാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പദ്ധതി നടപ്പാക്കുകയാണ്.
ഇത് ചെയ്യുന്നത് തങ്ങളല്ല, ബജ്‌രംഗ്ദള്‍ ആണെന്ന് പ്രചരിപ്പിക്കുന്നു. ബിജെപിയും ആര്‍എസ്എസും ബജ്‌രംഗ്ദളും എല്ലാം ഒന്നുതന്നെയാണ്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കാനാവില്ല എന്ന് അമിത് ഷാ മനസ്സിലാക്കി. അതുകൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ക്കിടയില്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി എന്തുചെയ്യുന്നു എന്നറിയാന്‍ താന്‍ രണ്ടു വര്‍ഷത്തോളം ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ യാത്രചെയ്തു. പേടിയില്ലാതെ നടക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. പത്തനംതിട്ട കുമ്പനാട്ടെ ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് (ഐപിസി)യില്‍ സംസ്ഥാന പൊലീസ് അറിയാതെ ഏഴുദിവസം പരിശോധന നടത്തി.
അവരുടെ എഫ്‌സിആര്‍എ അക്കൗണ്ട് റദ്ദാക്കി. കേരളത്തിലെ 180 ന്യൂനപക്ഷ സ്ഥാപനങ്ങളുടെ എഫ്‌സിആര്‍എ റദ്ദാക്കി അവരെ ഭീഷണിപ്പെടുത്തുകയാണെന്നും സിബി സാം പറഞ്ഞു.
അതേസമയം, സംസ്ഥാനസമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, ജയകുമാര്‍ തെളിക്കോട്, സുരേന്ദ്രന്‍ വെള്ളനാട്, വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് തിരുവനന്തപുരത്ത് ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. നേരത്തെ സിപിഎം നേതാക്കളായിരുന്നു ഇവര്‍.
അരുവിക്കര തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 35000 വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ആദ്യമായാണ് ബിജെപി അത്രയും വോട്ടുകള്‍ മണ്ഡലത്തില്‍ നേടിയത്. ആ വോട്ടുകള്‍ നേടാന്‍ കാരണമായത് തങ്ങളുടെ പ്രവര്‍ത്തന ഫലമായാണെന്ന് രാജിവെച്ചവര്‍ അവകാശപ്പെടുന്നു. വരും ദിവസങ്ങളില്‍ തങ്ങളോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഎം പ്രവര്‍ത്തകരെല്ലാം രാജിവെക്കുമെന്നും ഇവര്‍ പറയുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി നിലപാട് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് ഇവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തവരാണ് ബി.ജെ.പി നേതാക്കള്‍. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടാണ് ഇക്കാര്യത്തില്‍ പുറത്തുവന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ബിജെപിയില്‍ ജനാധിപത്യത്തിന്റെ കണിക പോലും തങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമര പരിപാടികളാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആഹ്വാനം ചെയ്യുന്നത്.
വിഷയമുണ്ടായി ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സമിതിയോഗം വിളിച്ചുകൂട്ടി സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുന്നതിനുള്ള ഒരു ഇടപെടല്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മറിച്ച് സമൂഹത്തില്‍ കലാപന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ എരിവ് പകരുന്ന സമീപമനമാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ള നേതാക്കളെപ്പോലും ഇത്തരം യോഗങ്ങളില്‍ അടുപ്പിക്കാനോ സംസാരിക്കാനോ നേതാക്കള്‍ തയ്യാറായില്ല. സമൂഹത്തില്‍ വിശ്വാസികളും അവിശ്വാസികളുമെന്ന രണ്ട് ചേരികളുണ്ടാക്കി കലാപന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇവര്‍ പറഞ്ഞു.
ശബരിമലയ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന സമിതിയിലും ഭാരവാഹികള്‍ക്കിടയിലുമൊക്കെ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ രാജി. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിലും മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ നേതൃത്വത്തിന് നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സമിതിയംഗംങ്ങള്‍ തന്നെ നേതാക്കള്‍ക്കെതിരെ പ്രതിഷേധമുന്നയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ വെള്ളനാട് എസ് കൃഷ്ണകുമാര്‍ അടക്കമുള്ള ബിജെപി സംസ്ഥാന സമിതി നേതാക്കള്‍ ബിജെപി അംഗത്വം രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.