തിരുവനന്തപുരം: മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം'എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം. ഒന്നേമുക്കാല്‍ വര്‍ഷത്തിലധികമായി ലോകം ഒന്നാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. കോവിഡ് എല്ലാ മേഖലയേയും ബാധിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍ മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ സാധ്യതയേറെയാണ്. ഇത് മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കാന്‍ കേരളം പരിശ്രമിക്കുകയാണ്. ഈ രംഗത്ത് സംസ്ഥാനം ഏറെ മുന്‍പന്തിയിലാണ് ഉള്ളത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് 291 മാനസികാരോഗ്യ ക്ലിനിക്കുകള്‍ മാസം തോറും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി നടത്തി വരുന്നു. ഇതിലൂടെ നാല്‍പതിനായിരത്തിലധികം രോഗികള്‍ക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുന്നതിനായി ആര്‍ദ്രം മിഷന്റെ ഭാഗമായി 'സമ്പൂര്‍ണ മാനസികാരോഗ്യം', 'ആശ്വാസം', 'അമ്മ മനസ്', 'ജീവരക്ഷ' പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
സമ്പൂര്‍ണ മാനസികാരോഗ്യ പദ്ധതി ഇതുവരെ 376 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയത് വഴി പതിനെണ്ണായിരത്തോളം പേരെ പുതുതായി കണ്ടെത്തി ചികിത്സയിലേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞു. ഇവര്‍ക്ക് തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ തന്നെ ചികിത്സയും മറ്റ് സേവനങ്ങളും ലഭ്യമാക്കി വരുന്നു.
കോവിഡ് 19 വ്യാപനത്തില്‍ മാനസിക സാമൂഹിക പിന്തുണയ്ക്കായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ സര്‍ക്കാര്‍ നല്‍കി വരുന്നു. ഇതുവരെ എല്ലാ വിഭാഗത്തിലുമായി ഒന്നേകാല്‍ കോടിയിലധികം (1,26,26,854) സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്/ കൗണ്‍സിലിംഗ് കോളുകള്‍ ടീം സംസ്ഥാനമൊട്ടാകെ നല്‍കി കഴിഞ്ഞു.
ആദിവാസി മേഖലകളിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പരിപാടിയും നടപ്പിലാക്കിയിട്ടുണ്ട്. ലഹരി വസ്തുകളുടെ ഉപയോഗം, കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
ആരോഗ്യ വകുപ്പിന്റെ കീഴില്‍ 19 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ആരോഗ്യ വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 291 ക്ലിനിക്കുകളിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നുണ്ട്.