കൊച്ചി: മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ തുടങ്ങിയ എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് 2021ന്‍റെ മൂന്നാം റൗണ്ടിന്‍റെ ആദ്യദിനത്തില്‍ ശ്രദ്ധേയമായ പ്രകടനവുമായി ഹോണ്ടയുടെ യുവറൈഡര്‍മാര്‍. ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ എന്‍എസ്എഫ്250ആര്‍, സിബിആര്‍150ആര്‍ വിഭാഗങ്ങളിലാണ് ഭാവിതലമുറ റൈഡര്‍മാരായ സാര്‍ഥക് ചവാന്‍, കവിന്‍ ക്വിന്‍റല്‍, ഇക്ഷന്‍ ഷാന്‍ബാഗ്, പ്രകാശ് കാമത്ത് എന്നിവര്‍ അതിഗംഭീരമായ പ്രകടനം പുറത്തെടുത്തത്..
ടാലന്‍റ് കപ്പിന്‍റെ എന്‍എസ്എഫ്250ആര്‍ വിഭാഗം ആദ്യറേസില്‍ സാര്‍ഥക് ചവാന്‍ ഒന്നാമനായപ്പോള്‍ കവിന്‍ ക്വിന്‍റല്‍ രണ്ടാം സ്ഥാനത്തും, മലപ്പുറം സ്വദേശി മൊഹ്സിന്‍ പി മൂന്നാമതായും ഫിനിഷ് ചെയ്തു. ഫോട്ടോഫിനിഷിലൂടെയാണ് സിബിആര്‍150ആര്‍ നോവിസ് ക്ലാസിന്‍റെ ആദ്യ റേസില്‍ ഇക്ഷന്‍ ഷാന്‍ബാഗ് വിജയിയായത്. പ്രകാശ് കാമത്ത്, തിയോപോള്‍ ലിയാന്‍ഡര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുവറൈഡര്‍മാരുടെ അതുല്യ പ്രകടനം, ഇന്ത്യയിലെ മോട്ടോര്‍സ്പോര്‍ട്സ് സംസ്കാരം പരിപോഷിപ്പിക്കുന്നതിന് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ അവതരിപ്പിച്ച പരിപാടിയുടെ വിജയത്തിനുള്ള തെളിവ് കൂടിയായി.
ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രോസ്റ്റോക്ക് 165സിസി വിഭാഗത്തിലും ഐഡിമിത്സു ഹോണ്ട എസ്കെ69 റേസിങ് ടീം എതിരാളികള്‍ക്കെതിരെ മികച്ച മത്സരം കാഴ്ചവെച്ചു. രാജീവ് സേതു നാലാംസ്ഥാനത്തും, മഥനകുമാര്‍ അഞ്ചാമതും, സെന്തില്‍കുമാര്‍ പതിനൊന്നാമനായും ഫിനിഷ് ചെയ്തു. പുതുതായി അവതരിപ്പിക്കപ്പെട്ട ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍മേക്ക് റേസില്‍, കെവിന്‍ കണ്ണന്‍, ആല്‍വിന്‍ സുന്ദര്‍, ഉല്ലാസ് സാന്‍റ്രപ്റ്റ് നന്ദ എന്നിവരുടെ സമ്പൂര്‍ണ ആധിപത്യവും കണ്ടു.
ആദ്യദിനം, യുവതാരങ്ങളെല്ലാം അവരുടെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് പ്രഭു നാഗരാജ് പറഞ്ഞു. രണ്ടാംദിനത്തിലും തങ്ങളുടെ ഫലം മികച്ചതാക്കാന്‍ എല്ലാവരും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.