ശബരിമല യുവതീപ്രവേശം, നവോത്ഥാന വനിതാമതില്‍ വിഷയങ്ങളില്‍ എന്‍എസ്എസിനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് വീണ്ടുവിചാരത്തിനു തയാറാകണം. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടേത് ആര്‍എസ്എസ് ബിജെപി സമരങ്ങള്‍ക്കു തീ പകരാനുള്ള നടപടിയാണെന്നും കോടിയേരി പറഞ്ഞു.
സമദൂരം മാറ്റി ശരി ദൂരമാക്കി കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ സഹായിക്കാനാണ് എന്‍.എസ്.എസ് നീക്കമെന്ന് കോടിയേരി വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്നത് സുകുമാരന്‍ നായരുടെ അധികപ്രസംഗമാണെന്നും വനിതാ മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന എന്‍.എസ്.എസ് നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തി.
കേരള നവോത്ഥാനത്തില്‍ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരില്‍ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ പാതയില്‍നിന്നുള്ള വ്യതിചലനമാണ് എന്‍എസ്എസ് നേതാവില്‍ ഇന്നു കാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നതു വിസ്മരിക്കുന്നില്ലെന്നും കോടിയേരി പറയുന്നു.
പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവില്‍ സംഭവിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതം പൊതുവില്‍ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അതു മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്.
നായര്‍ സമുദായത്തിനുവേണ്ടി മന്നത്ത് പത്മനാഭന്‍ തുടങ്ങിയ യജ്ഞം ഹിന്ദുസമുദായത്തിന്റെ പൊതു സമുദ്ധാരണത്തിനും ഒപ്പം സര്‍വസമുദായ മൈത്രിക്കും വേണ്ടിയായി വളര്‍ന്നിരുന്നു. അനാചാരങ്ങളേയും ബ്രാഹ്മണാധിപത്യത്തേയും ചെറുക്കാനും തോല്‍പ്പിക്കാനും അസാമാന്യ ധൈര്യം അദ്ദേഹം കാട്ടി. അനാചാരങ്ങള്‍ക്ക് അറുതി വരുത്താനും ബ്രാഹ്മണ മേധാവിത്തത്തെ പിടിച്ചുലയ്ക്കാനും മന്നത്ത് ശ്രദ്ധാലുവായിരുന്നു.
ആ വെളിച്ചത്തിലൂടെ എന്‍എസ്എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. അതിനെ ആ സമുദായത്തിലെ ചിന്താശീലര്‍ ചോദ്യം ചെയ്യും. പഴക്കമുള്ള ആചാരങ്ങളെ ലംഘിക്കുന്നവരുടെ ശവം കൃഷ്ണപരുന്തുകള്‍ കൊത്തിവലിക്കുമെന്ന് ശബരിമലയുടെ പേരില്‍ ആക്രോശിക്കുന്നവര്‍ മന്നത്തിന്റെ നവോത്ഥാന വഴികളാണ് മറക്കുന്നത്.
ആര്‍എസ്എസ് ബിജെപിയുടെ വര്‍ഗീയ സമരങ്ങള്‍ക്കു തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുമുണ്ടായിരിക്കുന്നത്. ഡിസംബര്‍ 26ന് ആര്‍എസ്എസ് നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം എന്‍എസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.