ഈ വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്, 17-ാമത് വാർഷിക പതിപ്പിന്റെ ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥിയും. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിം എന്ന പതിനഞ്ച് വയസുകാരനാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷൻ രക്ഷാധികാരിയായ, ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവാണ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങൾക്കായി ധീരമായി പോരാടുന്ന യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്.
ലോകമെമ്പാടുമുള്ള അംഗപരിമിതരായ കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ പ്രചോദിപ്പിക്കുന്ന ഇന്ത്യയിൽ നിന്നുള്ള 15 വയസ്സുള്ള അംഗപരിമിതനായ കുട്ടിയാണ് മുഹമ്മദ് ആസിം. കൈകളില്ലാതെ ജനിച്ച മുഹമ്മദ് ആസിം 90% അംഗപരിമിതനായതിനാൽ നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. പ്രൈമറി തലം മാത്രമുണ്ടായിരുന്ന തന്റെ ഗ്രാമത്തിലെ സ്കൂൾ ഹൈസ്കൂളായി ഉയർത്താനുള്ള പോരാട്ടത്തിൽ മുഹമ്മദ് ആസിം 52 ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ച് നയിച്ചു. ഇതിനായി ആസിം കേരള ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുകയും ചെയ്തു. 2015-ൽ, കേരള സർക്കാർആസിമിന്റെ ആവശ്യം അംഗീകരിച്ച് ഹൈസ്കൂൾ പഠനം അനുവദിച്ചു. മുഹമ്മദ് ആസിമിന്റെ ശ്രമഫലമായി, സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 200 ൽ നിന്ന് 700 ആയി ഉയർന്നു. സുപ്രീം കോടതി തനിക്ക് അനുകൂലമായി വിധിക്കുമെന്ന് മുഹമ്മദ് ആസിം പ്രതീക്ഷിക്കുന്നു.
39 രാജ്യങ്ങളിൽ നിന്നുള്ള 169-ലധികം നോമിനേഷനുകളിൽ നിന്നാണ് വിദഗ്ദ്ധ സംഘം മൂന്ന് ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ഈ വർഷത്തെ ഷോർട്ട്ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും യുകെ / നെതർലാൻഡ്സിൽ നിന്നും വളരെ ശ്രദ്ധേയരായ നോമിനികളാണ് ഉൾപ്പെടുന്നത്.
എത്യോപ്യൻ മാതാപിതാക്കൾക്ക് നെതർലാൻഡിൽ ജനിച്ച 18 വയസ്സുള്ള പെൺകുട്ടിയാണ് ക്രിസ്റ്റീന അഡേൻ, ഇപ്പോൾ യുകെയിൽ താമസിക്കുന്നു, അവൾ ഭക്ഷണ അനീതിക്കെതിരെ പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയയായത്. സി ഒ പി 26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് ലോകം ഉറ്റുനോക്കുന്ന സാഹചര്യത്തിൽ, മലിനീകരണത്തിനെതിരായ പ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിലെ ഡൽഹിയിൽ നിന്നുള്ള സഹോദരങ്ങളായ വിഹാൻ (17), നവ് അഗർവാൾ (14) എന്നിവർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളാണ് എല്ലാ വർഷവും ചിൽഡ്രൻസ് പീസ് പ്രൈസ് സമ്മാന വിതരണം നിർവഹിക്കുന്നത്.ഈ വർഷം 2014-ലെ പുരസ്കാര ജേതാവായ കൈലാഷ് സത്യാർത്ഥി വിജയിയെ പ്രഖ്യാപിക്കും. ഹൈബ്രിഡ് ചടങ്ങ് നവംബർ 13-ന് ഹേഗിലെ ഹാൾ ഓഫ് നൈറ്റ്സിൽ നടക്കും, തത്സമയ സംപ്രേഷണവും ഉണ്ടാകും.
ഇത്തവണത്തെ ഫൈനലിസ്റ്റുകൾ, എന്റെ 13 വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസിന്റെ രക്ഷാധികാരി എന്ന അനുഭവത്തിൽ തികച്ചും യോഗ്യരാണ്, മുൻകാല പ്രശസ്തരായ നിരവധി വിജയികളുള്ള ലോകത്തിലെ നിർണായക യുവജന സമ്മാനത്തിന് തീർത്തും അർഹരാണിവർ, ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചുകൊണ്ട് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു പറഞ്ഞു. ഈ വർഷത്തെ ഫൈനലിസ്റ്റുകൾ യുവാക്കൾക്കും ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മറ്റുള്ളവരുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിൽ കുട്ടികൾക്ക് എന്ത് നേടാനാകുമെന്ന് അവർ തങ്ങളുടെ മൂല്യവത്തായ പ്രവർത്തനങ്ങളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും കാണിക്കുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
2005-ൽ മിഖായേൽ ഗോർബച്ചേവിന്റെ അധ്യക്ഷതയിൽ റോമിൽ നടന്ന സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ ലോക ഉച്ചകോടിക്കിടെയാണ് കുട്ടികളുടെ അന്തർദേശീയ സമാധാന സമ്മാനം ആരംഭിച്ചത്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതിലും അനാഥർ, ബാലവേലക്കാർ, എച്ച്ഐവി/എയ്ഡ്സ് ബാധിതരായ കുട്ടികൾ തുടങ്ങിയ ദുർബലരായ കുട്ടികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലും കാര്യമായ സംഭാവനകൾ നൽകുന്ന കുട്ടിക്കാണ് ഇത് വർഷം തോറും നൽകുന്നത്.