ഉക്രൈന്‍ കീഴടക്കുന്നത് തന്‍റെ ലക്ഷ്യമല്ലെന്ന് യുദ്ധത്തിനുമുമ്പും പിമ്പും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആവര്‍ത്തിക്കുമ്പോഴും പുടിന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് വ്യക്തമാക്കി ഫ്രാന്‍സ് രംഗത്തെത്തി. ഇന്നലെ പുടിനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പുടിന്‍, ഉക്രൈന്‍ കീഴക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സ് ആരോപിച്ചത്. യുദ്ധം ആരംഭിച്ചപ്പോള്‍ ഉക്രൈന്‍ തന്‍റെ ലക്ഷ്യമല്ലെന്നും മറിച്ച് ഉക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ഡോണ്‍ബസ്കിലെ റഷ്യക്കാരുടെ സ്വാതന്ത്രം മാത്രമാണ് തന്‍റെ ലക്ഷ്യമെന്നുമാണ് പുടിന്‍ പറഞ്ഞത്. എന്നാല്‍, യുദ്ധം തുടങ്ങി ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഉക്രൈന്‍റെ അതിശക്തമായ ചെറുത്ത് നില്‍പ്പിന് മുമ്പിള്‍ റഷ്യയുടെ പാളിയ യുദ്ധതന്ത്രങ്ങള്‍ മാത്രമാണുള്ളത്. കരമാര്‍ഗ്ഗം ഒരു വിജയം പോലും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബലമുള്ള റഷ്യയ്ക്ക് അവകാശപ്പെടാനില്ല. ആകെയുള്ള വിജയമെന്നത് ഖര്‍സോണ്‍ നഗരം കീഴടക്കിയത് മാത്രമാണ്. അതിനിടെയാണ് തന്‍റെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും പുടിന്‍, മാക്രോണിനോട് പറഞ്ഞതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.