ഖാർകീവ്: ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ യുദ്ധഭൂമിയിൽ രക്ഷ തേടിയുള്ള കാത്തിരിപ്പിൽ കണ്ണീരണിഞ്ഞ് മലയാളികളടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രധാന നഗരങ്ങൾ റഷ്യൻ സേന കൂടുതൽ വളഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമാവുന്നതാണ് ആശങ്ക. ബങ്കറുകളിൽ കാത്തിരിക്കാൻ ഇനിയും തയാറാണെന്ന് പറയുന്ന വിദ്യാർത്ഥികൾ തങ്ങളെ രക്ഷിക്കാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നെങ്കിലും സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.
കര്‍ണാടക സ്വദേശിയായ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീൻ എസ് ജ്ഞാനഗൗഡറാണ് ഇന്ന് യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ടുസമീപത്തുള്ള ഗവർണർ ഹൌസ് ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം.
യുദ്ധഭൂമിയിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിര്‍ത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു. മകന്‍റെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ദുഖവാർത്തയെത്തുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ.