യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം ചരിത്രം സൃഷ്ടിച്ചു .
വടക്ക് പടിഞ്ഞാറന്‍ യൂറോപ്പിനെ വളരെ സാരമായി ബാധിച്ചിരിക്കുകയാണ് യൂനിസ് കൊടുങ്കാറ്റ്. മേഖലയിലേക്കുള്ള നൂറ് കണക്കിന് വിമാന സര്‍വ്വീസുകളാണ് കനത്ത കാറ്റിനേത്തുടര്‍ന്ന് റദ്ദാക്കിയത്. ഇതിനിടയ്ക്കാണ് എയര്‍ ഇന്ത്യയുടെ സുരക്ഷിത ലാന്‍ഡിംഗ് ചര്‍ച്ചയാവുന്നത്. എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ആയിരക്കണക്കിന് പേരാണ് ലൈവായി കണ്ടത്.
വിമാനത്തിന് കൊടുങ്കാറ്റ് മൂലം നേരിടേണ്ടി വരുന്ന വെല്ലുവിളിയും കാറ്റില്‍ ആടിയുലയാതെ വിമാനത്തെ സ്ഥിരതയോടെ നിര്‍ത്താന്‍ പൈലറ്റുമാര്‍ ചെയ്യേണ്ടി വരുന്ന പരിശ്രമങ്ങളേക്കുറിച്ചും ലൈവ് സ്ട്രീമിംഗിനിടെ വിശദമാക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിന്‍റെ അതി സാഹസിക ലാന്‍ഡിംഗ്. ഹൈദരബാദില്‍ നിന്നുമുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റ് 147 വിമാനത്തിന്‍റെ ലാന്‍ഡിംഗ് ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്. വിമാനത്തിന്‍റെ ക്യാപ്റ്റന്‍ അന്‍ചിത് ഭരദ്വാജ് ആണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഗോവയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ 145 വിമാനവും സമാനമായ വെല്ലുവിളികളെ അതിജീവിച്ച് സുരക്ഷിതമായി ഹീത്രുവില്‍ ലാന്‍ഡ് ചെയ്തിരുന്നു.
ആദിത്യ റാവു ആയിരുന്നു ഈ വിമാനത്തിന്‍റെ ക്യാപ്റ്റന്‍. വളരെ അധികം കഴിവുള്ള ഇന്ത്യന്‍ പൈലറ്റുമാരെയാണ് കാണാന്‍ സാധിക്കുന്നതെന്നാണ് ലൈവ് സ്ട്രീമിംഗില്‍ വിമാനത്തിന്‍റെ ലാന്‍ഡിംഗിനെ വിശേഷിപ്പിക്കുന്നത്.