December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരു :കേരളത്തിൽ ഞായറാഴ്ച 29,836 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂർ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസർഗോഡ് 500 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
തിരു :തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാനപാതയിലെ വഴയില മുതൽ പഴകുറ്റിവരെയുള്ള ഭാഗം നാലുവരിപാതയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. നിലവിൽ നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. നാലുവരിപാത യാഥാർത്ഥ്യമാകുന്നതോടെ ഈ ഗതാഗതകുരുക്കഴിയുന്നതൊടൊപ്പം വാണിജ്യ, ടൂറിസം മേഖലയ്ക്കും പുറമെ നാടിന്റെ പുരോഗമനവും സാധ്യമാകും. സാമൂഹികാഘാതപഠനത്തിന്റെ ഭാഗമായി ഓൺലൈനിൽ നടപ്പാക്കിയ പബ്ലിക് ഹിയറിംഗിൽ പൊതുവേ ഉയർന്നുവന്ന അഭിപ്രായം കാലതാമസം കൂടാതെ ഈ പദ്ധതി നടപ്പിലാക്കണമെന്നതായിരുന്നു. കോവിഡ് മൂലം കാലതാമസംനേരിട്ട സാമൂഹികാഘാതപഠന റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും. ഫൈനൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകുകയും വർഷങ്ങളായി മന്ദഗതിയിലായിരുന്ന പദ്ധതി നിർവഹണം യാഥാർത്ഥ്യമാകുകയും ചെയ്യും. കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക്ക് പ്രത്യേകമായി നിയോഗിക്കപ്പെട്ട എൽ എ തഹസിൽദാർ കിഫ്ബി-1 ആണ് മതിയായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുപ്പ് നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി സ്ഥലമേറ്റെടുക്കൽ പദ്ധതി നിർവ്വഹണവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകും. 279.31 കോടി രൂപ പ്രവൃത്തിക്കും, 59.22 കോടി രൂപ സ്ഥലമേറ്റെടുപ്പിനും ഉൾപ്പെടെ 338.53 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭ്യമായത്. കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നതിനായി രൂപം കൊണ്ട കെ.ആർ.എഫ്.ബി.പി.എം.യു (കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്ജെന്റ് യൂണിറ്റ്) ആണ് പദ്ധതി നിർവഹണം നടത്തുന്നത്. ജില്ലയുടെ വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ നടപ്പാക്കുന്നതെന്നും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ ഇതിനെ അട്ടിമറിക്കാൻ ചില കോണുകളിൽ നിന്നും ശ്രമം നടക്കുന്നതായും അത്തരം നീക്കങ്ങളെ ജനം തിരിച്ചറിയുമെന്നും സ്ഥലം എം.എൽ.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ശ്രീ ജി.ആർ അനിൽ പറഞ്ഞു.
തിരു:100 ദിനം-100 പുസ്തകം-പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളിൽ ആദ്യത്തെ നാല് പുസ്തകങ്ങൾ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അക്കാദമി പുരസ്‌കാര വിതരണ ചടങ്ങിൽ പ്രകാശനം ചെയ്യും. ബിനു.എം പള്ളിപ്പാടിന്റെ ചെങ്ങന്നൂരാതിപ്പാട്ട്, കെ എ ശങ്കരന്റെ ഉത്തരേന്ത്യൻ സംഗീതധാര, ടി എം എബ്രഹാമിന്റെ എൻ എൻ പിള്ള , വി.ഡി പ്രേമപ്രസാദിൻറെ നാടകപ്പാതയിലെ വഴിവിളക്കുകൾ എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുക. അക്കദമി പ്രോഗ്രാം ഓഫീസർ വി.കെ അനിൽകുമാർ പുസ്തക പരിചയം നടത്തും. സംസ്ഥാന സർക്കാറിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമി 100 പുസ്തകങ്ങൾ പുറത്തിറക്കുന്നത്
എറണാകുളം : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.ഓട്ടോമേറ്റഡ് സ്റ്റെയ്നർ, സ്റ്റോമ കെയർ ക്ലിനിക്ക് , പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്, ഫീനിക്സ് - ക്യാൻസർ സർവൈവൽ ക്ലബ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി വീണ ജോർജ് നിർവഹിക്കുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1. 30 ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലാണ് ഉദ്‌ഘാടന ചടങ്ങ്.
തിരു :കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും (ഓഗസ്റ്റ് 28, 29) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ പെയ്യാനാണു സാധ്യത. ഇതു മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീര്‍ അറിയിച്ചു. അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ മാറി താമസിക്കാന്‍ തയാറാകണം. തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കിവയ്ക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കാന്‍ തയാറാകണം. സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കാനോ നദികളിലും മറ്റു ജലാശയങ്ങളിലും കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ല. ജലാശയങ്ങള്‍ക്കു മുകളിലെ പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. അണക്കെട്ടുകള്‍ക്കു താഴെ താമസിക്കുന്നവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയും ആവശ്യമെങ്കില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാറി താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണമെന്നും എ.ഡി.എം. അറിയിച്ചു.
തിരു :കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികളെ കണ്ടെത്തൽ, രോഗ പ്രതിരോധം, ചികിത്സ, വാക്സിനേഷൻ, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയിൽ രോഗനിർണയം നടത്തുന്ന സംസ്ഥാനമാണ് കേരളം. ആറുകേസിൽ ഒരെണ്ണം വീതം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിന്റെയർത്ഥം പരമാവധി രോഗികളെ നാം കണ്ടെത്തുന്നു എന്നാണ്. ദേശീയ ശരാശരി 33ൽ ഒന്നാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. 70.24 ശതമാനം പേർ ആദ്യഡോസ് വാക്സിനെടുത്തു. 25.51 ശതമാനം പേർ രണ്ടാം ഡോസും എടുത്തു. 60 വയസിന് മുകളിലുള്ളവർ, കിടപ്പുരോഗികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർക്കെല്ലാം വാക്സിൻ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
തിരു :കേരളത്തിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന അയ്യൻകാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്. സർക്കാർ ജോലിയിൽ പട്ടികജാതി വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പാക്കും. ആദിവാസി ഊരുകളിൽ ഉൾപ്പെടെ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ട്. എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് സർവീസ് പ്രൊവൈഡർമാർ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ നീങ്ങുന്നു. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ നൈപുണ്യ പരിശീലനം നൽകി തുടർ പ്‌ളേസ്‌മെന്റ് പദ്ധതി പ്രകാരം 20,000 പേർക്ക് തൊഴിൽ ഉറപ്പാക്കും. പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിച്ച് കുടിശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് നടപടിയുണ്ടാകും. ആദിവാസി വിഭാഗങ്ങളിലെ കൗമാരക്കാർ, ഗർഭിണികൾ, അറുപത് വയസ് കഴിഞ്ഞവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരം ലഭിക്കുന്നതിനുള്ള ഭക്ഷ്യപദ്ധതി നടപ്പാക്കും. തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുകയും കൂടുതൽ സീറ്റുകൾ ഉറപ്പാക്കുകയും ചെയ്യും. പട്ടികജാതി സംരംഭകർക്കായി ഗ്രീൻ സ്റ്റാർട്ട് അപ്പ് പദ്ധതികൾ ആരംഭിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ യുവ ഗവേഷകർക്ക് പ്രത്യേക ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യൻകാളിയെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം ജീവിച്ച കാലഘട്ടത്തെക്കുറിച്ചും ഓർക്കണം. കേരള ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അയ്യൻകാളിയുടെ ജീവിതം. അറിവിന്റെ തുല്യമായ വിതരണവും പഠിക്കാനുള്ള തുല്യ അവകാശവും ചേരുമ്പോഴേ വിദ്യാഭ്യാസം എന്ന സങ്കൽപം സഫലമാകൂ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. പാഠമില്ലെങ്കിൽ പാടത്തേക്കില്ലെന്നാണ് ഒരു ഘട്ടത്തിൽ അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം. 1908ൽ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ പണിമുടക്ക് സംഘടിപ്പിച്ച ധീരസമരനായകനാണ് അയ്യൻകാളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കം വലിയ വിഭാഗം കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ഒരുക്കി. സഞ്ചാരസ്വാതന്ത്ര്യത്തിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ വില്ലുവണ്ടി സമരമാണ്. പൊട്ടുകുത്തി, തലപ്പാവും കോട്ടും ധരിച്ചാണ് അദ്ദേഹം വില്ലുവണ്ടിയിൽ യാത്ര ചെയ്തത്. പാർശ്വവത്ക്കരിക്കപ്പെട്ടവർ ഉൾപ്പെടെ സമസ്ത വിഭാഗം ജനങ്ങളുടെയും സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
* കർഷകർക്ക് അർഹമായ വില * സാധാരണക്കാർക്ക് ന്യായവിലയ്ക്ക് അരി സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കെഎപിസിഒഎസ്) രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നിലവിൽ വന്നു. കർഷകരിൽ നിന്നും ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം നടത്തുന്നതിന് വേണ്ടിയാണ് സഹകരണ സംഘം സ്ഥാപിച്ചത്. നേരത്തെ പാലക്കാട് ജില്ലയിൽ സമാനമായ സഹകരണ സംഘം നിലവിലുണ്ട്. സഹകരണ സംഘത്തിന്റെ ഭാഗമായി നെല്ല് സംസ്‌കരിച്ച് അരിയാക്കി മാറ്റുന്നതിനുള്ള മില്ലും സ്ഥാപിക്കും. പാലക്കാട് ജില്ല ഒഴികെയുള്ള 13 ജില്ലകൾ സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിലാണ്. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകൾ സ്ഥാപിക്കുക. കർഷകരിൽ നിന്നും വിപണി വിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം ചെയ്യുകയാണ് ലക്ഷ്യം. നെൽ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സഹകരണ സംഘം വഴി നടപ്പിലാക്കും. കേരളത്തിന്റെ തനത് ഉത്പന്നമായി അരി വിപണനം ചെയ്യും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ മേഖലയിലും ഓൺലൈനായുമാകും വിൽപ്പന നടത്തുക. ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പു വരുത്തുന്നതു വഴി നെൽ കർഷകർക്ക് ലാഭകരമായി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് നെൽ കർഷക സംഘം രൂപീകരിച്ച് അരി മില്ലുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കോട്ടയം ജില്ലയാണ് ആസ്ഥാനം. ജില്ലയിലെ 26 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ അംഗങ്ങളായ കെഎപിഒഎസിന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് പുതിയ സഹകരണ സംഘം വഴിയൊരുക്കുമെന്ന് രജിസ്ട്രേഷൻ, സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നെല്ലിന് ന്യായ വില ലഭ്യമാക്കാൻ സഹകരണ സംഘത്തിനു കഴിയും. സ്വകാര്യ കച്ചവടക്കാരെ പോലെ അധിക ലാഭം ഈടാക്കാതെ വിൽപ്പന നടത്തുക വഴി സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള അരി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പാമ്പാടി സഹകരണ ബാങ്ക് പ്രതിനിധിയുമായ കെ. രാധാകൃഷ്ണനാണ് സഹകരണ സംഘത്തിന്റെ ചീഫ് പ്രമോട്ടർ.
ലക്ഷദ്വീപ് :അടിയന്തര ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിർവഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ്.
തിരു :സംസ്ഥാനത്ത് ഡബ്‌ള്യു. ഐ. പി. ആർ ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തും. രാത്രി പത്തു മണിമുതൽ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം. ഐ ടി ഐ പരീക്ഷ എഴുതേണ്ടവർക്ക് മാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഇവർ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡീഷണൽ എസ്.പിമാർ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡൽ ഓഫീസർമാരായിരിക്കും. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തും. ഇന്നത്തെ സ്ഥിതിയും അതിന്റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും. എല്ലാ മെഡിക്കൽ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിക്കും. സെപ്തംബർ ഒന്നിന് ഈ യോഗം ചേരും. തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം സെപ്തംബർ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കും അനുബന്ധ രോഗമുള്ളവർ ആശുപത്രിയിലെത്തുന്നില്ലെങ്കിൽ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഓണത്തിനു മുൻപ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കാത്തവർ അടിയന്തിരസാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേരുന്നത്. കടകളിൽ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കടയുടമകളുടെ യോഗം ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കും. 18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യത്തെ ഡോസ് വാക്‌സിനേഷൻ ലഭിച്ച ജില്ലകളിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1000 സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക. രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും ടെസ്റ്റുകൾ ആവശ്യമില്ല. 12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആൻറിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.