തിരുവനന്തപുരം: മെട്രോ മാര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനവും ഇന്ന് (16.10.2021) വൈകിട്ട് 5.00 ന് തിരുവനന്തപുരം എസ്.പി.ഗ്രാന്‍റ് ഹോട്ടലില്‍ നടക്കും. ലോക ഭക്ഷ്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം സിവില്‍ സപ്ലൈസ് - ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ നിര്‍വ്വഹിക്കും. മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനത്തിന്‍റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിക്കും. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഇ.എം.നജീബ്, സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി പ്രിന്‍സിപ്പല്‍ കെ.രാജശേഖര്‍, ഷെഫ് സുരേഷ് പിള്ളൈ, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുക്കും.
ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ലോക ഭക്ഷ്യദിനാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണ വിളകള്‍ നട്ട് പരിപാലിച്ച് വിളവെടുത്തും വിപണിയില്‍ നിന്നും ശേഖരിച്ച് ഉപോല്‍പന്നങ്ങളാക്കി മാറ്റി വിപണിയില്‍ എത്തിച്ചു വിജയം വരിച്ച പ്രമുഖ ഫുഡ് ബ്രാന്‍ഡുകള്‍ക്ക് മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡുകള്‍ നല്‍കും. ലോകഭക്ഷ്യദിനാഘോഷത്തിന്‍റെ ഭാഗമായി സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CTCRI) ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (IHMCT) പ്രിന്‍സിപ്പല്‍ കെ.രാജശേഖര്‍, ഷെഫ് സുരേഷ് പിള്ളൈ എന്നിവരെ ആദരിക്കും.
ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16-നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (WFO) രൂപീകരിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓര്‍മ നിലനിറുത്തുന്നതിന്, ഐക്യ രാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം (World Food Day - WFD)) ആയി ആചരിക്കുന്നു.
വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ലക്ഷ്യം. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്‍റെയും ദാരിദ്യത്തിന്‍റെയും പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവത്കരണം കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷംനടത്തുന്നത്.