മനുഷ്യമനസാക്ഷിയെ പിടിച്ചുലച്ച ആദിവാസി യുവാവ് 'മധു'വിനെക്കുറിച്ച് കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് എഴുതിയ ' യാത്രാമൊഴി' എന്ന കവിത സിനിമയാവുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ കവിതയായിരുന്നു ഇത്. പ്രശസ്ത സംവിധായകൻ വിജീഷ് മണി ചിത്രം സംവിധാനം ചെയ്യും . 'മധു'വിന്റെ ഭാഷയായിരുന്ന മുടുക ഗോത്ര ഭാഷയിലാണ് ചിത്രം ഒരുങ്ങുക. 'ആദിവാസി ' ( ദി ബ്ലാക്ക് ഡെത്ത് ) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം പകുതിയോടെ ആരംഭിക്കും. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ പ്രശസ്ത നടൻ അപ്പാനി ശരത്താണ് മധുവിന്റെ വേഷം ചെയ്യുന്നത്.
"ഈ ചിത്രത്തിലേക്ക് എന്നെ തിരഞ്ഞെടുത്ത നാൾമുതൽ മധുവിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ശ്രമിക്കുകയായിരുന്നു.... പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം" : അപ്പാനി ശരത്ത് പറഞ്ഞു.
ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം അതേ ടീം തന്നെ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.
കഴിഞ്ഞ മൂന്നര വർഷത്തിലേറെയായി ഡോ. സോഹൻ റോയ് അതാത് ദിവസത്തെ സാമൂഹിക വിഷയങ്ങൾ ആസ്പദമാക്കി അണുകാവ്യം എന്ന പേരിൽ കവിതാരചന നിർവഹിക്കാറുണ്ട്. രണ്ടായിരത്തിപ്പതിനെട്ട് ഫെബ്രുവരി ഇരുപത്തിരണ്ടിന് കേരളീയ മനസ്സാക്ഷിയെ ഉലച്ച മധുവിന്റെ മരണം നടന്നതിനെത്തുടർന്നാണ് വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി 'യാത്രാമൊഴി' എന്ന പേരിലുള്ള കവിത അദ്ദേഹം എഴുതിയത്. ഈ കവിതയ്ക്ക് സമൂഹത്തിൽ ഇന്ന് ലഭിച്ച പ്രതികരണമാണ്
ഈ ചിത്രം സിനിമയാക്കാൻ തനിക്കുണ്ടായ പ്രചോദനമെന്ന് സോഹൻ റോയ് പറയുന്നു. " വിശപ്പ് " എന്നത് ഒരു ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്. വർണ്ണ വെറി മുതൽ അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക ജീവിതം വരെയുള്ള നിരവധി വിഷയങ്ങളും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ മധുവിന് മരണമില്ല. ഇത്തരം നിരവധി ജീവിതങ്ങൾ നമുക്കുചുറ്റും ഇപ്പോഴും അടിച്ചമർത്തപ്പെടുകയും മരണമടയുകയും ചെയ്യുന്നു. ഗൗരവമുള്ള പ്രമേയങ്ങളാണ് വിജീഷ് മണി സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ളത്. ഞങ്ങൾ നിർമ്മിച്ച 'മ് മ് മ് ' ( സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമ, കൃത്യമായ പ്രമേയാവതരണത്തോടെ പറഞ്ഞ് സമയത്ത് പൂർത്തിയാക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര മാനം കൈവരുന്ന ഈയൊരു പ്രമേയം വളരെയധികം ഭംഗിയായി അദ്ദേഹം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സോഹൻ റോയ് പറഞ്ഞു.
വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഈ ചിത്രത്തിന്റെ ഇതിവൃത്തമാവും.