February 17, 2025

Login to your account

Username *
Password *
Remember Me
തിരു :കേരളത്തിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന അയ്യൻകാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്. സർക്കാർ ജോലിയിൽ പട്ടികജാതി വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പാക്കും. ആദിവാസി ഊരുകളിൽ ഉൾപ്പെടെ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ട്. എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് സർവീസ് പ്രൊവൈഡർമാർ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ നീങ്ങുന്നു. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ നൈപുണ്യ പരിശീലനം നൽകി തുടർ പ്‌ളേസ്‌മെന്റ് പദ്ധതി പ്രകാരം 20,000 പേർക്ക് തൊഴിൽ ഉറപ്പാക്കും. പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിച്ച് കുടിശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് നടപടിയുണ്ടാകും. ആദിവാസി വിഭാഗങ്ങളിലെ കൗമാരക്കാർ, ഗർഭിണികൾ, അറുപത് വയസ് കഴിഞ്ഞവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരം ലഭിക്കുന്നതിനുള്ള ഭക്ഷ്യപദ്ധതി നടപ്പാക്കും. തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുകയും കൂടുതൽ സീറ്റുകൾ ഉറപ്പാക്കുകയും ചെയ്യും. പട്ടികജാതി സംരംഭകർക്കായി ഗ്രീൻ സ്റ്റാർട്ട് അപ്പ് പദ്ധതികൾ ആരംഭിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ യുവ ഗവേഷകർക്ക് പ്രത്യേക ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യൻകാളിയെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം ജീവിച്ച കാലഘട്ടത്തെക്കുറിച്ചും ഓർക്കണം. കേരള ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അയ്യൻകാളിയുടെ ജീവിതം. അറിവിന്റെ തുല്യമായ വിതരണവും പഠിക്കാനുള്ള തുല്യ അവകാശവും ചേരുമ്പോഴേ വിദ്യാഭ്യാസം എന്ന സങ്കൽപം സഫലമാകൂ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. പാഠമില്ലെങ്കിൽ പാടത്തേക്കില്ലെന്നാണ് ഒരു ഘട്ടത്തിൽ അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം. 1908ൽ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ പണിമുടക്ക് സംഘടിപ്പിച്ച ധീരസമരനായകനാണ് അയ്യൻകാളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കം വലിയ വിഭാഗം കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ഒരുക്കി. സഞ്ചാരസ്വാതന്ത്ര്യത്തിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ വില്ലുവണ്ടി സമരമാണ്. പൊട്ടുകുത്തി, തലപ്പാവും കോട്ടും ധരിച്ചാണ് അദ്ദേഹം വില്ലുവണ്ടിയിൽ യാത്ര ചെയ്തത്. പാർശ്വവത്ക്കരിക്കപ്പെട്ടവർ ഉൾപ്പെടെ സമസ്ത വിഭാഗം ജനങ്ങളുടെയും സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരു:വനിത മത്‌സ്യ വിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആർ. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പാളയം മാർക്കറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്‌സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകൾ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവർഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ. എസ്. ആർ. ടി. സി സിവിൽ സപ്‌ളൈസുമായി കൈകോർത്തുകൊണ്ട് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി തുടങ്ങാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സ്ത്രീകൾ വിപണനത്തിനായി പോകുമ്പോൾ നേരിടുന്ന യാത്രക്ളേശത്തിന് ഇതിലൂടെ പരിഹാരം കാണാനാവുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂന്ന് ലോഫ്ളോർ ബസുകളാണ് കെ. എസ്. ആർ. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും. മത്സ്യക്കൊട്ടകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്ളാറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ, ഉപ്പു കലർന്ന ജലം സംഭരിക്കുന്നതിന് സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങളും ബസുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ, ലൈഫ് പദ്ധതിക്ക് പുറമെ, തീരദേശത്ത് 20,000 വീടുകൾ നിർമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 31 അസംബ്‌ളി മണ്ഡലങ്ങളിൽ 700 വീടുകളുടെ നിർമാണം പൂർത്തിയായി. മുഖ്യമന്ത്രി സെപ്റ്റംബർ 16ന് ഇതിന്റെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സീഫുഡ് റസ്‌റ്റോറന്റുകൾ ആരംഭിക്കും. വിഴിഞ്ഞത്ത് ഇതിനുള്ള കെട്ടിടം പണി പുരോഗമിക്കുകയാണ്. കേരളത്തിൽ വ്യാപകമായി അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനും നടപടി സ്വീകരിച്ചു വരുന്നു. ഉൾനാടൻ മത്‌സ്യകൃഷി പദ്ധതിയിലൂടെ 10600 പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ നിന്ന് നഗരത്തിലേക്ക് മത്‌സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവർ 285 മാർക്കറ്റുകളിലേക്ക് പോകുന്നുണ്ട്. ഇവരുടെ യാത്രപ്രശ്‌നത്തിന് സമുദ്ര പദ്ധതി പരിഹാരം കാണും. നിലവിൽ വാടക വാഹനത്തിലും മറ്റുമായാണ് ഇവർ നഗരത്തിലേക്ക് മത്‌സ്യം കൊണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആർ. അനിൽ, എം. എൽ. എമാരായ വി. കെ. പ്രശാന്ത്, കെ. ആൻസലൻ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.
തിരു :സംസ്ഥാനത്ത് ഡബ്‌ള്യു. ഐ. പി. ആർ ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തും. രാത്രി പത്തു മണിമുതൽ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം. ഐ ടി ഐ പരീക്ഷ എഴുതേണ്ടവർക്ക് മാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഇവർ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡീഷണൽ എസ്.പിമാർ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡൽ ഓഫീസർമാരായിരിക്കും. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തും. ഇന്നത്തെ സ്ഥിതിയും അതിന്റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും. എല്ലാ മെഡിക്കൽ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിക്കും. സെപ്തംബർ ഒന്നിന് ഈ യോഗം ചേരും. തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം സെപ്തംബർ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കും അനുബന്ധ രോഗമുള്ളവർ ആശുപത്രിയിലെത്തുന്നില്ലെങ്കിൽ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഓണത്തിനു മുൻപ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കാത്തവർ അടിയന്തിരസാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേരുന്നത്. കടകളിൽ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കടയുടമകളുടെ യോഗം ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കും. 18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യത്തെ ഡോസ് വാക്‌സിനേഷൻ ലഭിച്ച ജില്ലകളിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1000 സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക. രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും ടെസ്റ്റുകൾ ആവശ്യമില്ല. 12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആൻറിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരു :കേരളത്തിൽ 31,265 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂർ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസർഗോഡ് 512 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 96 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805, ആലപ്പുഴ 1244, കോട്ടയം 476, ഇടുക്കി 741, എറണാകുളം 1819, തൃശൂർ 2521, പാലക്കാട് 2235, മലപ്പുറം 3002, കോഴിക്കോട് 2301, വയനാട് 649, കണ്ണൂർ 1138, കാസർഗോഡ് 550 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 37,51,666 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 4,84,508 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 29,523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബേപ്പൂര്‍: ജനകീയം പദ്ധതിയുമായി എല്ലാവരും സഹകരിക്കുന്നുണ്ടെന്നും പരാതികള്‍ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാവുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ മണ്ഡലത്തിൽ നടന്ന ജനകീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജനകീയം പരിപാടി സംഘടിപ്പിച്ചത്. ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നിവിടങ്ങളിലായി നൂറിലധികം പരാതികളാണ് ലഭിച്ചത്. കെഎസ്ആര്‍ടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡ്, പാലം, ഡ്രൈനേജ്, തുടങ്ങിയവ സംബന്ധിച്ചുള്ളവയായിരുന്നു പരാതികൾ. ഗതാഗതവകുപ്പ്, മൃഗസംരക്ഷണം, പട്ടികജാതി- വർഗ്ഗ വികസന, ജലസേചനം, റവന്യൂ , തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യേണ്ട പരാതികളിൽ അടിയന്തരമായി നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറൂഖ് റോയൽ ഓഡിറ്റോറിയം, രാമനാട്ടുകര വ്യാപാരഭവൻ എന്നിവിടങ്ങളിൽ അദാലത്ത് നടന്നത്.
വനിതാ മതിൽ റെക്കോർഡ്: യു.ആർ.എഫ് വിലയിരുത്തൽ നടത്തി 15 ദിവ സത്തിനകം പരിശോധനപൂർത്തിയാക്കിസർട്ടിഫിക്കറ്റ് നൽകും.കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകൾ തീർത്ത മതിൽ ലോകറെക്കോർഡിലേക്ക്. വനിതകൾ തീർത്ത ഏറ്റവും നീളം കൂടിയ മതിൽ എന്ന റെക്കോർഡിനാണ് പരിഗണിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേ ഴ്‌സൽ റെക്കോർഡ് ഫോറം പ്രതിനിധികൾ വനിതാ മതിൽ 620 കിലോമീറ്ററും പൂർണമായി വീഡി യോ എടുത്തിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് വനിതാ മതിൽ റെക്കോർഡിന് അർഹമാണെ ന്ന് യു.ആർ.എഫ് അന്താരാഷ്ട്ര ജൂറി സുനിൽ ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള രേഖകൾ പരിശോധിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും. യു.ആർ.എഫിന് പുറമെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് ബാർസിലോണ കേന്ദ്രമായുള്ളഒഫീ ഷ്യൽ വേൾഡ് റെക്കോർഡ് എന്നിവരും വനിതാ മതിൽ പരിഗണിക്കും. വനിതാമതിൽ എന്നആശ യം സമൂഹം ഏറ്റെടുത്ത രീതിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവോത്ഥാന മൂല്യ സംര ക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ഡോ.ടി.എൻ.സീമ, പി.എസ്.ശ്രീകല, പുഷ്പവതി എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കോഴിക്കോട് നടന്നു. മറ്റു സാഹിത്യോത്സവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ജനകീയമായതും പ്രാദേശിക എഴുത്തുകാര്‍ക്ക് അവസരം നല്‍കന്നതുമാണ് കെഎല്‍എഫെന്ന് അധ്യക്ഷന്‍ സച്ചിതാനന്ദന്‍ പറഞ്ഞു. വെയില്‍സിന്റെ സാഹിത്യവും സംസ്‌കാരവും പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് കെഎല്‍ഫ് 2019. ദലിത്- സ്ത്രീപക്ഷ ചര്‍ച്ചകളുടെ ഇടമാണ് കെഎല്‍എഫെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായി കണക്കാക്കപ്പെടുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം കേരള സര്‍ക്കാരും പങ്കാളികളാണ്. ജനുവരി 13 വരെ നടക്കുന്ന നാലാം പതിപ്പില്‍ അനവധി പ്രമുഖര്‍ ഭാഗമാകാനെത്തുന്നുണ്ട്. രാമചന്ദ്ര ഗുഹ, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംഡെ, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ദേവ്ദത്ത് പട്നായിക്, കേകി ദാരുവല്ല, അനിത നായര്‍, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, അമീഷ് ത്രിപാഠി, ചേതന്‍ ഭഗത്, സാഗരിക ഘോഷ്, ടി.എം. കൃഷ്ണ, പ്രകാശ് രാജ്, ശോഭാ ഡേ, എന്നിവര്‍ക്കൊപ്പം ടി. പത്മനാഭന്‍, ആനന്ദ്, മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സണ്ണി കപിക്കാട്, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, കെ.ആര്‍. മീര, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, എസ് ഹരീഷ് എന്നിവരും വിവിധ ചര്‍ച്ചകളിലായി പങ്കെടുക്കും.വെയില്‍സിനെയാണ് കെ.എല്‍.എഫ് ഇത്തവണ അതിഥി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യത്തിലാകട്ടെ, മറാത്തി ഭാഷയ്ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വെയ്ല്‍സ് സാഹിത്യത്തിനും മറാത്തി സാഹിത്യത്തിനുമായി പ്രത്യേകം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ സ്ത്രീ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്ര മേളയാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖരായ എഴുത്തുകാരും ചിന്തകരുമടക്കം അഞ്ഞൂറോളം അതിഥികളാണ് വിവിധ സെഷനുകളിലായി സംവദിക്കുക. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി എന്നിവ ചര്‍ച്ചയാകുന്ന നാലു ദിവസത്തെ സാഹിത്യോത്സവത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പാറശാല : ലോക ശ്രദ്ധയാകർഷിക്കുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്നത് ഉറപ്പായി. ശിവലിംഗത്തിൻറെ ഉയരവും മറ്റും ഉറപ്പ് വരുത്തുന്നതിനായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൻറെയും, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൻറെയും പ്രതിനിധികൾ ജനുവരി 10 ഇന് രാവിലെ ക്ഷേത്രത്തിൽ എത്തി.കർണാടകത്തിലെ കോളാറിലെ ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ള 108 അടി ഉയരമുള്ള ശിവലിംഗത്തെക്കാൾ 3 അടി ഉയരം കൂടുതൽ ആയതിനാൽ ആണ് ചെങ്കൽ ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്ന് ഉറപ്പായത്. 2012 മാർച്ച് 23 ന് ആരംഭിച്ച ശിവലിംഗത്തിൻറെ നിർമ്മാണ ജോലികൾ 6 വർഷത്തെ പ്രവർത്തനങ്ങളെ തുടർന്ന് അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന വാർഷിക ഉത്സവത്തിന് മുൻപായി ശിവലിംഗത്തിൻറെ പണി പൂർത്തിയാക്കി ഭക്തജനങ്ങൾക്കയി തുറന്ന് കൊടുക്കുവാൻ ഉദ്ദേശിക്കുന്നതായിട്ടാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞത്. ക്ഷേത്ര നിർമ്മാണത്തിൽ ആവശ്യം അനുവർത്തിക്കേണ്ടതായ ഭാരതീയ വാസ്‌തു ശാസ്ത്ര നിയമങ്ങൾ അനുസരിച്ചും പ്രാചീന ക്ഷേത്ര നിർമ്മാണ വിധികൾ അനുസരിച്ചും നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിൻറെ പടിഞ്ഞാറേ കോണിലാണ് ശിവലിംഗം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്ര നിർമ്മാണത്തിലെന്നപോലെ തന്നെ ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. ആധുനികതയെ മാറ്റി നിറുത്തി പൂർണ്ണമായും ശിലകളും തടികളും കൊണ്ട് നിർമ്മിച്ച ആധുനിക കാലത്തെ ക്ഷേത്രം, ശിവനും പാർവതിയും ഒരുമിച്ച് ഒരേ പീഠത്തിൽ വാഴുന്ന ക്ഷേത്രം, ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത 12 ജ്യോതിർലിംഗങ്ങളുടെ പ്രതിഷ്ഠ, ഗണപതി ദേവൻറെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയോടുകൂടിയ ഗണപതി മണ്ഡപം, കഴിഞ്ഞ 13 വർഷങ്ങളായി പതിവായി വിനായക ചതുർത്ഥി നാളിൽ 10,00,08 കൊട്ടത്തേങ്ങയാൽ ഗണപതി ഹോമം നടത്തുന്ന ക്ഷേത്രം തുടങ്ങിയ പ്രത്യേകതകൾക്ക് പുറമെ ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക് എത്തുമെന്നതും ഈ ക്ഷേത്രത്തിൻറെ പ്രശസ്തി ഉയർത്തുന്നതിന് കാരണമാകുന്നതാണ്.
പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണ ഘോഷയാത്രയിൽ അനുഗമിക്കുന്നതിന് പോലീസിന്റെ നിബന്ധനകൾ. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്ന് പോലീസ് ഇറക്കിയ സർക്കുലറിൽ പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് വിലക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയത്. ഉത്തരവ് ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ശബരിമല വിധിക്കെതിരെ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ നിരവധി സമര പരിപാടികള്‍ നടന്നിരുന്നു. ഇതിൽ പങ്കെടുത്തവർക്കും ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടവർക്കും തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാനാകില്ല. പന്തളം കൊട്ടാരം പ്രതിനിധികൾ പോലീസിന്റെ ഉത്തരവ് പ്രകാരം പന്തളം കൊട്ടാരം പ്രതിനിധികൾക്ക് ഘോഷയാത്രയെ അനുഗമിക്കാനാകാതെ വരുമെന്ന ആശങ്ക ബലപ്പെടുന്നുണ്ട്. ശബരില കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കേണ്ട രാജപ്രതിനിധി രാഘവ വര്‍മ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പന്തളം കൊട്ടാരത്തിന്റെ ആശങ്ക മുറുകുന്നത്. ഘോഷയാത്രയെ അനുഗമിക്കുന്നവർ മൂന്ന് ഘട്ടമായാണ് തിരുവാഭരണ ഘോഷയാത്ര പോകുന്നത്. തിരുവാഭരണം വഹിച്ച് ഒരു സംഘം, രാജപ്രതിനിധിയുമായി പല്ലക്ക് വഹിച്ച് മറ്റൊരു സംഘം, ഒപ്പം ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങളായാണ് തിരുവാഭരണ ഷോഷയാത്ര നന്നു വരുന്നത്. മൂന്നാമത്തെ സംഘത്തിൽ പങ്കെടുക്കുന്നവരുടെ കാര്യത്തിലാണ് പോലീസ് സർക്കുലർ ഇറക്കിയിരിക്കുന്നത്. പുതുമയില്ലെന്ന് പോലീസ് സുപ്രീംകോടതി വിധിക്കെതിരായ എല്ലാ എല്ലാ പ്രതിഷേധ പരിപാടികളിലും കൊട്ടാരം പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. എന്നാൽ പോലീസ് ഉത്തരവിൽ പുതുമയൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നു. മുന്‍കാലങ്ങളിലും പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ അനുവദിച്ചിരുന്നുള്ളുവെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതിഷേധക്കാരെ മൊത്തം ഒഴിവാക്കാനുള്ള പോലീസ് തന്ത്രമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചർച്ച കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ പന്തളം കൊട്ടാരം നിര്‍ദ്ദേശിക്കുന്നവരെ കൊണ്ടുപോകാമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇതിന് വ്യത്യസ്തമായാണ് പോലീസ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കൂടുതൽ സുരക്ഷ തിരുവാഭരണ ഘോഷയാത്രയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് കൊട്ടാരം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്നും പോലീസ് പറയുന്നു.

കാസര്‍കോട്: തൊഴിലാളി സംഘടനകളുടെ ദേശീയപണിമുടക്കില്‍ വലഞ്ഞ് കാസര്‍കോടും.കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലും ഹാജര്‍ തീരെ കുറവായിരുന്നു. മുപ്പതില്‍ താഴെ ജോലിക്കാര്‍ മാത്രമേ സിവില്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നുള്ളു. കളക്റ്ററേറ്റില്‍ 19 പേര്‍ മാത്‌രമാണ് ജോലിക്കെത്തിയത്. കാഞ്ഞങ്ങാട് പണിമുടക്ക് ഹര്‍ത്താലിന് തുല്യമായിരുന്നു പണിമുടക്ക. അപൂര്‍വം ഹോട്ടലുകളും മരുന്ന് കടകളും മാത്രമാണ് ഇന്നലെ തുറന്നത്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഓഫീസില്‍ എത്തിയത്. 13 സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള സിവില്‍ സ്റ്റേഷനില്‍ മുഴുവന്‍ ഓഫീ,ുകളും അടഞ്ഞു കിടന്നു. സമാനമായി നഗരസഭ ഓഫീസും ആര്‍ഢിഒ ഓഫീസും സബ്ട്രഷറിയും പ്രവര്‍ത്തിച്ചില്ല.അധ്യാപക യൂണിയനുകള്‍ പണിമുടക്കിയതിനാല്‍ സ്‌കൂഷുകളും കോളേജുകളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസുകളൊന്നും നിരത്തില്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതും നിശ്ചലമായിരുന്നു. ചില സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവ്. സമരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തൊഴിലാളികള്‍ അണി നിരന്നതായി ജില്ലാ സമരസമിതി കണ്‍വീനര്‍ ടികെ രാജന്‍ പറഞ്ഞു. ഒട്ടുമിക്ക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെുടുത്തിരുന്നില്ല. തപാല്‍ വകുപ്പിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിലാണ്. കാസര്‍കോട്ടെ ബെഫി, എഐബിഇഎ എന്നീ രണ്ട് പ്രധാന ബാങ്കിങ് യൂണിയനുകള്‍ പണി മുടക്കിയതിനാല്‍ ബാങ്കിങ് മേഖലയിലും ജീവനക്കാര്‍ എത്തിയില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 71ഉം ഇന്നലെ ആളനക്കമുണ്ടായില്ല. 219 ജീവനക്കാരില്‍ 178പേരും സമരത്തില്‍ പങ്കെടുത്തതായി സമരസമിതി പറയുന്നു.