ഏറ്റവും വലിയ തൊഴിൽ ദാതാക്കളായി തദ്ദേശ സ്ഥാപനങ്ങൾ മാറണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുടുംബശ്രീ ന്യൂജൻ സംവിധാനത്തിന്റെ ഭാഗമായി ഓക്സിലറി ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപന ചടങ്ങു ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ വാർഡുകളിലും നിരവധി പുതിയ കുടുംബശ്രീ യൂനിറ്റുകൾ രൂപീകരിക്കേണ്ടതുണ്ട്. കുറഞ്ഞത് 20000 യൂണിറ്റുകളെങ്കിലും രൂപീകയ്ക്കാനാവണം. പുതിയ തലമുറയെ യാണ് ന്യൂജൻ സംവിധാനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള യുവതികൾ ഉള്ള നാടാണ് കേരളം. പക്ഷെ സ്ത്രീകൾക്ക് നേരെ ഇന്ന് വലിയ കടന്നാക്രമണം നടത്തുന്നു. സ്ത്രീ വിരുദ്ധതയെ പുരുഷനും സ്ത്രീയും ചേർന്ന് എതിർക്കണം. ശാരീരികവും മാനസികവും ആയ പ്രതിരോധം തീർക്കാൻ നമുക്ക് ആകണം. ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ പ്രശ്‍നം അഭിമുഖീകരിക്കുന്നത് സ്ത്രീകളാണ്. ജീവിക്കാനുള്ള ഉപാധി ഓരോസ്ത്രീയും കണ്ടെത്തി സാമ്പത്തിക ഭദ്രത ആ ർജിക്കണം. സംരംഭക പ്രവർത്തന രംഗത്തേക്ക് സ്ത്രീകൾക്ക് ഉള്ള കഴിവ് തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. പുതിയ തലമുറ അതിനേക്കാൾ ഊർജസ്വലരായി മുന്നോട്ടുവരണം. സാമ്പത്തികസ്വാശ്രയത്വം ഓരോകുടുംബത്തിനും നേടിക്കൊടുക്കാൻ സ്ത്രീകൾക്കാവണം. ഓരോപ്രദേശത്തിന്റെയും താല്പര്യങ്ങൾക്കനുസരിച് സംരംഭങ്ങൾ തുടങ്ങാനാവുമെന്നും മന്ത്രി സൂചിപ്പിച്ചു. ഗാന്ധിജയന്തി ദിനത്തിൽ കളിപ്പാൻകുളം സമദർശി ഗ്രന്ഥശാലയിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് സലിം, കളിപ്പാൻകുളം വാർഡ് കൗൺസിലർ സജു ലാൽ.ഡി , സി ഡി എസ് ചെയർ പേഴ്സൺ ഷൈന എ , കുടുംബശ്രീ പ്രോഗ്രാം ഓഫീസർ അനു ആർ എസ് , ഡി എം സി ഡോ .ഷൈജു തുടങ്ങിയവർ സംബന്ധിച്ചു.