കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്നുതന്നെയാണ് കെജിഎംസിടിഎ യുടെ അഭിപ്രായം. ഉത്തരവിറങ്ങി ഒരു വർഷം തന്നെ പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ഇത്തരം അവഗണനാപരമായ സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഈ വരുന്ന ഒക്ടോബർ 21 ആം തീയതി വ്യഴാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുൻപിൽ ധർണയും ( കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ) നടത്താൻ തീരുമാനിച്ചിരിക്കുന്നു. മെഡിക്കൽ കോളേജിലെ വിവിധതലങ്ങളിലുള്ള ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെയും അന്നുമുതൽ ആരംഭിക്കുന്ന പ്രത്യക്ഷസമരത്തിലൂടെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.