തിരുവനന്തപുരം:സിദ്ദിഖ് കാപ്പനെ ഒരു വര്‍ഷമായി വിചാരണകൂടാതെ തടങ്കലിലിട്ടിരിക്കുന്നതിലുള്ള കടുത്ത എതിര്‍പ്പ് ഭരണകൂടത്തോട് പ്രകടിപ്പിക്കുമ്പോള്‍ തന്നെ നീതിന്യായ പീഠങ്ങളോടും വ്യക്തിപരമായ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സിദ്ദിഖ് കാപ്പനെ അന്യായമായി തടങ്കലില്‍ ആക്കിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജിപിഒയ്ക്കു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ എല്ലാവരുടെയും അവസാന പ്രതീക്ഷ നീതിന്യായ പീഠങ്ങളാണ്. അവിടെ നീതി ദേവതയുടെ കണ്ണുകള്‍ കെട്ടിയിട്ടുണ്ട്. അത് സത്യം കാണാതിരിക്കാനല്ല, എല്ലാം നീതിപൂര്‍വമായി നടക്കുന്നുവെന്നാണ് അര്‍ഥമാക്കുന്നത്. നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞു സിദ്ദിഖ് കാപ്പനെ വിചാരണ ഇല്ലാതെ തടങ്കലില്‍ വെച്ചിരിക്കുകയാണ്.
കരി നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ തടങ്കലില്‍വച്ചിരിക്കുന്നത് ഞങ്ങള്‍ക്കെതിരായി ആരും ഒന്നും ശബ്ദിക്കണ്ട എന്ന വലിയ മുന്നറിയിപ്പാണ് ഭരണകൂടം നല്‍കുന്നത്. ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എഴുതാനും എല്ലാവര്‍ക്കും സ്വാതന്ത്രമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകമായ സ്വാതന്ത്രമുണ്ട്. ആ സ്വാതന്ത്രത്തെ ഹനിച്ചുകൊണ്ടും മാധ്യമ സ്വാതന്ത്രത്തിന്റെ കടക്കല്‍ കത്തി വെച്ചുമാണ് സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്.
എന്നെ ഏറ്റവും കൂടുതല്‍ സങ്കടപെടുത്തുന്നത് കോടതികള്‍ പോലും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നില്ല എന്നതാണ്. പാര്‍കിന്‍സണ്‍ അസുഖം വന്ന് പരസഹായമില്ലാതെ ഒരുതുള്ളിവെള്ളം എടുത്തുകുടിക്കാന്‍ കിടന്നിരുന്ന ആളാണ് സ്റ്റാന്‍സ് സ്വാമി. അദ്ദേഹം പുറത്തിറങ്ങിയാല്‍ രാജ്യത്തിന് അപകടമാണെന്ന് പൊലീസ് പറഞ്ഞപ്പോള്‍ അത് ശരി വെക്കുകയാണ് രാജ്യത്തെ നീതിന്യായ പീഠങ്ങള്‍ ചെയ്തത്. വടക്കേ ഇന്ത്യയില്‍ നടക്കുന്നത് അതിക്രമങ്ങളും ജനാധിപത്യ കശാപ്പാണെന്നും സതീശന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ജോയിന്റ് സെക്രട്ടറി ഒ രതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍ കിരണ്‍ബാബു, പ്രിന്‍സ് പാങ്ങാടന്‍, ജിഷ എലിസബത് തുടങ്ങിയര്‍ സംസാരിച്ചു.