March 12, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2036)

തിരു: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റം. 5) ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി കർഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടർ തീരുമാനങ്ങളെടുക്കും.
തിരു :പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലില്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികള്‍. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടര്‍ന്ന മഞ്ഞ കലര്‍ന്ന വെളുത്ത പൂക്കളും ചിലതില്‍ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തില്‍ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറില്‍ വിളയുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു.
തിരു :സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് രൂപത്തിലാക്കി വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.
എറണാകുളം : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.ഓട്ടോമേറ്റഡ് സ്റ്റെയ്നർ, സ്റ്റോമ കെയർ ക്ലിനിക്ക് , പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്, ഫീനിക്സ് - ക്യാൻസർ സർവൈവൽ ക്ലബ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി വീണ ജോർജ് നിർവഹിക്കുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1. 30 ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലാണ് ഉദ്‌ഘാടന ചടങ്ങ്.
തിരു:വനിത മത്‌സ്യ വിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആർ. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പാളയം മാർക്കറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്‌സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകൾ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവർഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ. എസ്. ആർ. ടി. സി സിവിൽ സപ്‌ളൈസുമായി കൈകോർത്തുകൊണ്ട് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി തുടങ്ങാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സ്ത്രീകൾ വിപണനത്തിനായി പോകുമ്പോൾ നേരിടുന്ന യാത്രക്ളേശത്തിന് ഇതിലൂടെ പരിഹാരം കാണാനാവുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂന്ന് ലോഫ്ളോർ ബസുകളാണ് കെ. എസ്. ആർ. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും. മത്സ്യക്കൊട്ടകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്ളാറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ, ഉപ്പു കലർന്ന ജലം സംഭരിക്കുന്നതിന് സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങളും ബസുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ, ലൈഫ് പദ്ധതിക്ക് പുറമെ, തീരദേശത്ത് 20,000 വീടുകൾ നിർമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 31 അസംബ്‌ളി മണ്ഡലങ്ങളിൽ 700 വീടുകളുടെ നിർമാണം പൂർത്തിയായി. മുഖ്യമന്ത്രി സെപ്റ്റംബർ 16ന് ഇതിന്റെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സീഫുഡ് റസ്‌റ്റോറന്റുകൾ ആരംഭിക്കും. വിഴിഞ്ഞത്ത് ഇതിനുള്ള കെട്ടിടം പണി പുരോഗമിക്കുകയാണ്. കേരളത്തിൽ വ്യാപകമായി അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനും നടപടി സ്വീകരിച്ചു വരുന്നു. ഉൾനാടൻ മത്‌സ്യകൃഷി പദ്ധതിയിലൂടെ 10600 പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ നിന്ന് നഗരത്തിലേക്ക് മത്‌സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവർ 285 മാർക്കറ്റുകളിലേക്ക് പോകുന്നുണ്ട്. ഇവരുടെ യാത്രപ്രശ്‌നത്തിന് സമുദ്ര പദ്ധതി പരിഹാരം കാണും. നിലവിൽ വാടക വാഹനത്തിലും മറ്റുമായാണ് ഇവർ നഗരത്തിലേക്ക് മത്‌സ്യം കൊണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആർ. അനിൽ, എം. എൽ. എമാരായ വി. കെ. പ്രശാന്ത്, കെ. ആൻസലൻ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.
ബേപ്പൂര്‍: ജനകീയം പദ്ധതിയുമായി എല്ലാവരും സഹകരിക്കുന്നുണ്ടെന്നും പരാതികള്‍ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാവുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ മണ്ഡലത്തിൽ നടന്ന ജനകീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജനകീയം പരിപാടി സംഘടിപ്പിച്ചത്. ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നിവിടങ്ങളിലായി നൂറിലധികം പരാതികളാണ് ലഭിച്ചത്. കെഎസ്ആര്‍ടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡ്, പാലം, ഡ്രൈനേജ്, തുടങ്ങിയവ സംബന്ധിച്ചുള്ളവയായിരുന്നു പരാതികൾ. ഗതാഗതവകുപ്പ്, മൃഗസംരക്ഷണം, പട്ടികജാതി- വർഗ്ഗ വികസന, ജലസേചനം, റവന്യൂ , തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യേണ്ട പരാതികളിൽ അടിയന്തരമായി നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറൂഖ് റോയൽ ഓഡിറ്റോറിയം, രാമനാട്ടുകര വ്യാപാരഭവൻ എന്നിവിടങ്ങളിൽ അദാലത്ത് നടന്നത്.
വനിതാ മതിൽ റെക്കോർഡ്: യു.ആർ.എഫ് വിലയിരുത്തൽ നടത്തി 15 ദിവ സത്തിനകം പരിശോധനപൂർത്തിയാക്കിസർട്ടിഫിക്കറ്റ് നൽകും.കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകൾ തീർത്ത മതിൽ ലോകറെക്കോർഡിലേക്ക്. വനിതകൾ തീർത്ത ഏറ്റവും നീളം കൂടിയ മതിൽ എന്ന റെക്കോർഡിനാണ് പരിഗണിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേ ഴ്‌സൽ റെക്കോർഡ് ഫോറം പ്രതിനിധികൾ വനിതാ മതിൽ 620 കിലോമീറ്ററും പൂർണമായി വീഡി യോ എടുത്തിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് വനിതാ മതിൽ റെക്കോർഡിന് അർഹമാണെ ന്ന് യു.ആർ.എഫ് അന്താരാഷ്ട്ര ജൂറി സുനിൽ ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള രേഖകൾ പരിശോധിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും. യു.ആർ.എഫിന് പുറമെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് ബാർസിലോണ കേന്ദ്രമായുള്ളഒഫീ ഷ്യൽ വേൾഡ് റെക്കോർഡ് എന്നിവരും വനിതാ മതിൽ പരിഗണിക്കും. വനിതാമതിൽ എന്നആശ യം സമൂഹം ഏറ്റെടുത്ത രീതിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവോത്ഥാന മൂല്യ സംര ക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ഡോ.ടി.എൻ.സീമ, പി.എസ്.ശ്രീകല, പുഷ്പവതി എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കോഴിക്കോട് നടന്നു. മറ്റു സാഹിത്യോത്സവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ജനകീയമായതും പ്രാദേശിക എഴുത്തുകാര്‍ക്ക് അവസരം നല്‍കന്നതുമാണ് കെഎല്‍എഫെന്ന് അധ്യക്ഷന്‍ സച്ചിതാനന്ദന്‍ പറഞ്ഞു. വെയില്‍സിന്റെ സാഹിത്യവും സംസ്‌കാരവും പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് കെഎല്‍ഫ് 2019. ദലിത്- സ്ത്രീപക്ഷ ചര്‍ച്ചകളുടെ ഇടമാണ് കെഎല്‍എഫെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായി കണക്കാക്കപ്പെടുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം കേരള സര്‍ക്കാരും പങ്കാളികളാണ്. ജനുവരി 13 വരെ നടക്കുന്ന നാലാം പതിപ്പില്‍ അനവധി പ്രമുഖര്‍ ഭാഗമാകാനെത്തുന്നുണ്ട്. രാമചന്ദ്ര ഗുഹ, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംഡെ, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ദേവ്ദത്ത് പട്നായിക്, കേകി ദാരുവല്ല, അനിത നായര്‍, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, അമീഷ് ത്രിപാഠി, ചേതന്‍ ഭഗത്, സാഗരിക ഘോഷ്, ടി.എം. കൃഷ്ണ, പ്രകാശ് രാജ്, ശോഭാ ഡേ, എന്നിവര്‍ക്കൊപ്പം ടി. പത്മനാഭന്‍, ആനന്ദ്, മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സണ്ണി കപിക്കാട്, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, കെ.ആര്‍. മീര, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, എസ് ഹരീഷ് എന്നിവരും വിവിധ ചര്‍ച്ചകളിലായി പങ്കെടുക്കും.വെയില്‍സിനെയാണ് കെ.എല്‍.എഫ് ഇത്തവണ അതിഥി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യത്തിലാകട്ടെ, മറാത്തി ഭാഷയ്ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വെയ്ല്‍സ് സാഹിത്യത്തിനും മറാത്തി സാഹിത്യത്തിനുമായി പ്രത്യേകം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ സ്ത്രീ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്ര മേളയാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖരായ എഴുത്തുകാരും ചിന്തകരുമടക്കം അഞ്ഞൂറോളം അതിഥികളാണ് വിവിധ സെഷനുകളിലായി സംവദിക്കുക. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി എന്നിവ ചര്‍ച്ചയാകുന്ന നാലു ദിവസത്തെ സാഹിത്യോത്സവത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പാറശാല : ലോക ശ്രദ്ധയാകർഷിക്കുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്നത് ഉറപ്പായി. ശിവലിംഗത്തിൻറെ ഉയരവും മറ്റും ഉറപ്പ് വരുത്തുന്നതിനായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൻറെയും, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൻറെയും പ്രതിനിധികൾ ജനുവരി 10 ഇന് രാവിലെ ക്ഷേത്രത്തിൽ എത്തി.കർണാടകത്തിലെ കോളാറിലെ ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ള 108 അടി ഉയരമുള്ള ശിവലിംഗത്തെക്കാൾ 3 അടി ഉയരം കൂടുതൽ ആയതിനാൽ ആണ് ചെങ്കൽ ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്ന് ഉറപ്പായത്. 2012 മാർച്ച് 23 ന് ആരംഭിച്ച ശിവലിംഗത്തിൻറെ നിർമ്മാണ ജോലികൾ 6 വർഷത്തെ പ്രവർത്തനങ്ങളെ തുടർന്ന് അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന വാർഷിക ഉത്സവത്തിന് മുൻപായി ശിവലിംഗത്തിൻറെ പണി പൂർത്തിയാക്കി ഭക്തജനങ്ങൾക്കയി തുറന്ന് കൊടുക്കുവാൻ ഉദ്ദേശിക്കുന്നതായിട്ടാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞത്. ക്ഷേത്ര നിർമ്മാണത്തിൽ ആവശ്യം അനുവർത്തിക്കേണ്ടതായ ഭാരതീയ വാസ്‌തു ശാസ്ത്ര നിയമങ്ങൾ അനുസരിച്ചും പ്രാചീന ക്ഷേത്ര നിർമ്മാണ വിധികൾ അനുസരിച്ചും നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിൻറെ പടിഞ്ഞാറേ കോണിലാണ് ശിവലിംഗം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്ര നിർമ്മാണത്തിലെന്നപോലെ തന്നെ ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. ആധുനികതയെ മാറ്റി നിറുത്തി പൂർണ്ണമായും ശിലകളും തടികളും കൊണ്ട് നിർമ്മിച്ച ആധുനിക കാലത്തെ ക്ഷേത്രം, ശിവനും പാർവതിയും ഒരുമിച്ച് ഒരേ പീഠത്തിൽ വാഴുന്ന ക്ഷേത്രം, ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത 12 ജ്യോതിർലിംഗങ്ങളുടെ പ്രതിഷ്ഠ, ഗണപതി ദേവൻറെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയോടുകൂടിയ ഗണപതി മണ്ഡപം, കഴിഞ്ഞ 13 വർഷങ്ങളായി പതിവായി വിനായക ചതുർത്ഥി നാളിൽ 10,00,08 കൊട്ടത്തേങ്ങയാൽ ഗണപതി ഹോമം നടത്തുന്ന ക്ഷേത്രം തുടങ്ങിയ പ്രത്യേകതകൾക്ക് പുറമെ ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക് എത്തുമെന്നതും ഈ ക്ഷേത്രത്തിൻറെ പ്രശസ്തി ഉയർത്തുന്നതിന് കാരണമാകുന്നതാണ്.