കോഴിക്കോട്: ഐ.ടി മേഖലയിലേക്ക് അവസരങ്ങളുടെ ആകാശമൊരുക്കി സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും. സൈബര്‍പാര്‍ക്കില്‍ ഈ മാസം 26, 27 തീയതികളിലായ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ് ഐ.ടി മേഖലയിലെ ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പുതിയ തൊഴിലന്വേഷകര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2016, 17, 18 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നടത്തിവന്നിരുന്ന ജോബ് ഫെയര്‍ കൊവിഡ് പ്രതിസന്ധി കാരണമാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നടക്കാതിരുന്നത്. ഈ വര്‍ഷം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറുപതോളം ഐ.ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഇതുവരെ അയ്യായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. അയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളെയാണ് ജോബ് ഫെയറില്‍ പ്രതീക്ഷിക്കുന്നത്. ജി ടെക്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, എന്‍.ഐ.ടി ടി.ബി.ഐ, നാസ്‌കോം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരും ജോബ് ഫെയറിനോട് സഹകരിക്കുന്നുണ്ട്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.cafit.org.in/reboot-registration/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.
ഐ.ടി മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായ ഒഴിവുകളും തൊഴിലവസരങ്ങളും അര്‍ഹരായവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റീബൂട്ട് 2022 സംഘടിപ്പിക്കുന്നതെന്ന് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. കൊവിഡ് കാരണം ജോലി നഷ്ടമായ ഒട്ടേറെപ്പേര്‍ ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ പുതുതായി തൊഴില്‍ അന്വേഷിക്കുന്ന പുതിയ തലമുറ മറ്റൊരു ഭാഗത്തുണ്ട്. എല്ലാവര്‍ക്കും അവസരമൊരുക്കുക, അര്‍ഹരായവര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന റീബൂട്ട് 2022ന് രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഒരുപാട് പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.