ചെന്നൈ: റോയല്‍ എന്‍ഫീല്‍ഡ് 120-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപണിയിലിറക്കിയ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്തു തുടങ്ങി. വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനെന്റല്‍ ജിടി 650 എന്നിവയാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രത്യേകം രൂപകല്‍പന ചെയ്തത്. 1901 മുതലുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് വാഹനങ്ങള്‍ രൂപകല്‍പന ചെയ്തത്. ലോകത്തെമ്പാടുമായി 480 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കുന്നത്. 120 എണ്ണം വീതം ഇന്ത്യ, യൂറോപ്പ്, അമേരിക്ക, ദക്ഷിണ- കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ വില്‍ക്കും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് ഈ ലിമിറ്റഡ് എഡിഷനുകളുടെ 120 എണ്ണം ഫ്‌ളാഷ് വില്‍പനയിലൂടെ വിറ്റഴിച്ചിരുന്നു. 17,000-ത്തില്‍ അധികം രജിസ്‌ട്രേഷനുകളാണ് ഡിസംബര്‍ 6-ന് നടന്ന വില്‍പനയ്ക്കായി ലഭിച്ചത്. 120 സെക്കന്റുകള്‍ കൊണ്ട് 120 യൂണിറ്റുകള്‍ വിറ്റഴിഞ്ഞു.
കമ്പനിയുടെ ഇന്ത്യയിലേയും യുകെയിലേയും ടീമുകളാണ് രൂപകല്‍പന ചെയ്ത്, കൈകള്‍ കൊണ്ട് നിര്‍മ്മിച്ചത്. സവിശേഷമായ ബ്ലാക്ക്-ക്രോം നിറങ്ങളിലാണ് ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും എത്തുന്നത്.
ഒളിമ്പ്യനും ഷൂട്ടിങ് താരവുമായ ഗഗന്‍ നാരംഗ്, മലയാളം സിനിമാ താരവും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്ക് ലിമിറ്റഡ് എഡിഷന്‍ ലഭിച്ചിരുന്നു.