കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിലേക്ക്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സിലിടം നേടിയ കുട്ടിപ്പാട്ടുകാരുടെ കൂടുതൽ മിഴിവേറും മിന്നും പ്രകടനങ്ങൾക്ക് ഫൈനൽ വേദി സാക്ഷിയാകുമെന്നുറപ്പാണ്. ആലാപനമികവിലൂടെ പ്രതിസന്ധികളുടെ കാതങ്ങൾ കടന്നു ഫൈനൽ വേദിയിൽ മാറ്റുരക്കാനെത്തുന്നത് സഞ്ജയ് സുരേഷ്, ഹംദാൻ സാബു, നിയ ചാർളി, അനഘ അജയ്, അവനി എന്നിവരാണ്. ഇവർക്കൊപ്പം പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ഐശ്വര്യ, റിച്ച എന്നുവരിൽ ഒരാൾ കൂടെ ഈ സ്വപ്ന വേദിയിൽ മത്സരാർത്ഥിയായി എത്തും.
ബ്ലൈൻഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ വേദിയിൽ സ്വരമാധുരിയാൽ മത്സരിച്ചത്. തുടക്കം മുതൽ നിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ. കൂടാതെ കുട്ടിപ്പാട്ടുകാർക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കുന്നു.
തുടക്കത്തിലെ 20 മത്സരാർഥികളിൽ നിന്നും വിരലിലെണ്ണാവുന്ന കുരുന്നു ഗായക പ്രതിഭകളിൽ എത്തി നിൽക്കുമ്പോൾ തികച്ചും നാടകീയമായ രംഗങ്ങൾക്കാണ് സെമി ഫൈനൽ വേദി സാക്ഷ്യം വഹിച്ചത്. പച്ചവെളിച്ചത്തിൽ പ്രതീക്ഷകൾക്ക് തിളക്കം വെച്ചപ്പോൾ കുട്ടി ഗായകരുടെ കണ്ണിൽ തെളിഞ്ഞത് ആനന്ദത്തിന്റെ നക്ഷത്രദീപ്തി. ഷോയുടെ അവസാന ഘട്ടത്തിലെത്താൻ കഴിഞ്ഞതിൽ തങ്ങൾ എത്ര ഭാഗ്യവാനും പദവിയും ആയി കരുതുന്നു. മാതാപിതാക്കളോടും പ്രേക്ഷകരോടുമുള്ള നന്ദി പറഞ്ഞുകൊണ്ട് സഞ്ജയ് യും നിയയും സന്തോഷം പ്രകടിപ്പിച്ചു. സ്പെഷ്യൽ ജൂറി അംഗമായ മെറിൻ നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും മികച്ച മാർഗനിർദേശത്തിനും അനഘ തന്റെ കടപ്പാട് അറിയിച്ചു.
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഗ്രാൻഡ് ഫൈനൽ എപ്പിസോഡിൽ മുഖ്യാതിഥിയായെത്തുന്നത്. കാഴ്ചക്കാരെ കോരിത്തരിപ്പിക്കാനായെത്തുന്ന മിന്നും പ്രകടനങ്ങൾ നിറഞ്ഞ ഗ്രാൻഡ് ഫിനാലെ കാഴ്ച്ചകൾ മാർച്ച് 26, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സീ കേരളം ചാനലിൽ കാണാം.
വീഡിയോ കാണാം: https://www.facebook.com/ZeeKeralam/videos/5093620020659222/?extid=NS-UNK-UNK-UNK-IOS_GK0T-GK1C