പുതിയ ഓഫീസ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മഹാമാരി കടന്ന് വീണ്ടും സജീവമാകുന്ന സൈബര്‍പാര്‍ക്കില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കി പിക്‌സ്ബിറ്റ് സൊല്യൂഷന്‍സ്. ഫിന്‍ടെക് ആപ്ലിക്കേഷന്‍, ഇ ലേര്‍ണിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിക്‌സ്ബിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
സൈബര്‍പാര്‍ക്ക് സഹ്യ ബില്‍ഡിങ്ങില്‍ 3,000 സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിച്ച പുതിയ ഓഫീസ് അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. എട്ടുവര്‍ഷം മുന്‍പ് ആരംഭിച്ച പിക്‌സ്ബിറ്റ് രണ്ടുവര്‍ഷം മുന്‍പാണ് സൈബര്‍പാര്‍ക്കിലേക്ക് വരുന്നത്. 18 ജീവനക്കാരുമായി സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി നിലവില്‍ 36 പേരുമായാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഓഫീസിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ ഇരുപതോളം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുന്നുണ്ട്. സൈബര്‍പാര്‍ക്കില്‍ മാര്‍ച്ച് 26നും 27നുമായി നടക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറില്‍ ഈ അവസരങ്ങളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നേടാം.