സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
തിരുവനന്തപുരം: ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ദേശീയ പുരസ്‌കാര മികവിലാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനാചരണം നടക്കുന്നത്. 2015നെ അപേക്ഷിച്ച് 2021ല്‍ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് സംസ്ഥാനത്തിന് സില്‍വര്‍ കാറ്റഗറിയില്‍ പുരസ്‌കാരം ലഭിച്ചത്. മികച്ച പ്രവര്‍ത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരവും ലഭിച്ചു.
ക്ഷയരോഗ മുക്ത കേരളമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയ ശരാശരിയെ അപേക്ഷിച്ച് ക്ഷയരോഗബാധ കേരളത്തില്‍ കുറവാണെങ്കിലും ഇന്നും ക്ഷയരോഗം നമ്മുടെ ആരോഗ്യമേഖലയില്‍ ഒരു വെല്ലുവിളിയായി തന്നെ തുടരുന്നു. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചു വരുന്നു. ക്ഷയരോഗ നിവാരണം വേഗത്തില്‍ സാധ്യമാക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.
'ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം, ജീവന്‍ സംരക്ഷിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിന സന്ദേശം. 2019നെ അപേക്ഷിച്ച് 2021ല്‍ മാത്രം ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ 15 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗ നിരക്കിലും പുതുതായി കണ്ടെത്തുന്ന കേസുകളുടെ എണ്ണത്തിലും ഒരു ശതമാനത്തിലും താഴെ കുറവുണ്ടായിട്ടുണ്ട്.
ക്ഷയരോഗ ബാധിതരിലെ മരണ നിരക്കുകള്‍ക്ക് പ്രധാന കാരണം പ്രമേഹം, പുകവലി, ദീര്‍ഘകാല ശ്വാസകോശ രോഗം, മദ്യപാനം, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ ഘടകങ്ങളും ജീവിതശൈലീ രോഗങ്ങളാണ്. ഇവരിലെ ക്ഷയരോഗികളെ കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗ ലക്ഷണങ്ങളുളളതായി സംശയിക്കുന്ന രോഗികളെ എന്‍സിഡി, ശ്വാസ് ക്ലിനിക്കുകളില്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്തിവരുന്നു. എല്ലാ ജില്ലാ ക്ഷയരോഗ കേന്ദ്രങ്ങളോട് അനുബന്ധമായും തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ കോളേജുകളിലും ക്ഷയരോഗ നിര്‍ണയവും, മരുന്നുകളോടുളള പ്രതിരോധം നേരത്തെ കണ്ടെത്താനാവുന്ന സിബിനാറ്റ് പരിശോധനാ സംവിധാനവും തികച്ചും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.