ആസ്റ്റര്‍ സീനിയേഴ്‌സ് വയോജനപരിപാലനത്തിനുള്ള പ്രത്യേക പദ്ധതി സംവിധായകന്‍ ഫാസില്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി -- വയോജന പരിപാലനത്തില്‍ നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹെല്‍ത്ത്‌കെയര്‍ വിഭാഗങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി രാജ്യത്തെ ആദ്യത്തെ ഏജ് ഫ്രണ്ട്‌ലി ആശുപത്രി എന്ന നേട്ടം കരസ്ഥമാക്കിയത്. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി ഏജ് ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ്് ഓഫീസര്‍ അമ്പിളി വിജയരാഘവന് കൈമാറി.ഐഎംഎ സംസ്ഥാന വയോജന പരിപാലന കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രവീണ്‍ പൈ, ഡോ. പൗലോസ്, ഐഎംഎ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍,ഡോ. മരിയ വര്‍ഗീസ്, പ്രസിഡന്റ്, ഐഎംഎ - കൊച്ചി, ഡോ. രോഹിത് നായര്‍ , ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് , ആസ്റ്റര്‍ മെഡ്‌സിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. വയോജന പരിപാലനത്തിനായുള്ള ആസ്റ്റര്‍ സീനിയേഴ്‌സ് പദ്ധതി മുതിര്‍ന്ന ചലച്ചിത്ര സംവിധായകനായ ഫാസില്‍ ഉദ്ഘാടനം ചെയ്തു.
വിശ്രമകാലം സാധാരണ ഒറ്റപ്പെടലിന്റെയും കാത്തിരിപ്പുകളുടെയും കാലമാണ്. സ്‌നേഹവും കരുതലും ഏറ്റവുമധികം അനുഭവിക്കേണ്ട കാലത്ത് അതുറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. ഐഎംഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി വയോജനങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങളില്‍ വരുന്ന കാലതാമസം പരമാവധി ഒഴിവാക്കി, കരുതലോട് കൂടിയുള്ള സേവനം ഉറപ്പാക്കുന്നതാണ് ആസ്റ്റര്‍ സീനിയേഴ്‌സ് പദ്ധതിയെന്ന് ഡോ. ടി ആര്‍ ജോണ്‍ വിശദീകരിച്ചു. കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളില്‍ സമാനമായ പദ്ധതി ആവിഷ്‌ക്കരിച്ച് നിലവാരമുള്ള വയോജന പരിപാലനം ഉറപ്പാക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള & ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.
എഴുപത് വയസിന് മേല്‍ പ്രായമുള്ളവരുടെ മെഡിക്കല്‍ സേവനങ്ങള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടറും സുഖകരമായ ഇരിപ്പിടവും സജ്ജീകരിച്ചു. ആസ്റ്റര്‍ സീനിയേഴ്‌സ് എന്നത് തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നല്‍കും.
രജിസ്‌ട്രേഷന്‍, ബില്ലിംഗ്, മരുന്നുകള്‍ തുടങ്ങിയവ ഇവര്‍ക്കായി സജ്ജീകരിച്ച പ്രത്യേക കൗണ്ടറില്‍ തന്നെ ലഭ്യമാക്കും. വിവിധ പരിശോധനകള്‍, ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍ എന്നിവ വേണ്ടി വരുന്ന സമയത്ത് സഹായത്തിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. കൂടാതെ പതിവായുള്ള പരിശോധനകളും , അവശ്യസമയത്ത് വീടുകളില്‍ തന്നെ ചികിത്സ എന്നിവയും ആസ്റ്റര്‍ സീനിയേഴ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഗതാഗതസംവിധാനവും ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കും.
ആശുപത്രിയില്‍ വയോജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍, അവരുടെ സുഗമമായ സഞ്ചാരത്തിനായുള്ള ക്രമീകരണങ്ങള്‍, ആവശ്യമായ ജീവനക്കാര്‍, ക്ലിനിക്കല്‍പരമായ സേവനങ്ങള്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയത് കൊണ്ടാണ് ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് ഈ നേട്ടം കൈവരിക്കാനായത്. വയോജനപരിപാലനത്തില്‍ നിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ കൂടുതല്‍ ആശുപത്രികളിലേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐഎംഎ അധികൃതര്‍ അറിയിച്ചു.