ഭൂമി പ്ലോട്ട് തിരിച്ചു വില്‍ക്കുന്നവരുടെ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണ് റെറ നിയമത്തിലേക്ക് വരിക എന്നതെന്ന് എന്ന് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ ഐ.എ.എസ് (റിട്ട). കോഴിക്കോട് ഗേറ്റ് വേ ഹോട്ടലില്‍ കെ-റെറ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി നയിക്കുകയായിരുന്നു അദ്ദേഹം. റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളില്‍ നിന്ന് പ്ലോട്ടുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ ഉറപ്പാക്കാനാണ് കെട്ടിടനിര്‍മാണ ചട്ടങ്ങളും റെറ നിയമവുമെല്ലാം നിലവിലുള്ളത്. ആ നിയമസംവിധാനത്തിനകത്തേക്ക് വരുമ്പോള്‍ ബില്‍ഡര്‍മാറുടെ വിശ്വാസ്യത വര്‍ദ്ധിക്കുന്നതിനോടൊപ്പം അവരുടെ ബിസിനസും അഭിവൃദ്ധിപ്പെടുന്നു. റെറ വന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ തര്‍ക്കപരിഹാരം കൂടുതല്‍ കാര്യക്ഷമമായി എന്നും അദ്ദേഹം നിരീക്ഷിച്ചു. റെറ നിയമത്തിലെ വിവിധ വകുപ്പുകളെക്കുറിച്ചും ചട്ടങ്ങള്‍ ലംഘിച്ചാലുള്ള പിഴകളെക്കുറിച്ചും കെ-റെറ മെമ്പര്‍ അഡ്വ. പ്രീത പി. മേനോന്‍ വിശദീകരിച്ചു. കെ-റെറ വെബ്‌സൈറ്റ് സുതാര്യതമായതിനാല്‍ തന്നെ എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ പരിശോധിച്ച് ഇഷ്ടപ്പെട്ട പദ്ധതിയില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങാനുള്ള ബോധ്യം ഉപഭോക്താക്കള്‍ക്ക് ഇന്ന് ഉണ്ടെന്ന് കെ-റെറ മെമ്പര്‍ ഡോ. ബി. സന്ധ്യ ഐപിഎസ് ഡിജിപി (റിട്ട) പറഞ്ഞു.