December 07, 2024

Login to your account

Username *
Password *
Remember Me

ലേബർഫെഡിന്റേത് തൊഴിലാളി സൗഹൃദ പദ്ധതികൾ: മന്ത്രി വി എൻ വാസവൻ

തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയും കാലാനുസൃത പരിശീലന പരിപാടികൾ ആവിഷ്‌ക്കരിച്ചും ലേബർഫെഡ് നടപ്പിലാക്കുന്നത് തൊഴിലാളി സൗഹൃദ പദ്ധതികളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലേബർ ഫെഡ് അംഗസംഘങ്ങളിലെ തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് പ്രഖ്യാപനവും ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി സാമൂഹിക സുരക്ഷ ഒരുക്കുന്നതാണ്. ഒരു തൊഴിലാളിക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ ആണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. 484 രൂപയാണ് ഒരാൾക്കുള്ള പ്രീമിയം. ഫെഡറേഷനും അംഗ സംഘങ്ങളും തുല്യമായാണ് ഈ തുക വഹിക്കുന്നത്. ഒരു തൊഴിലാളി അപകടം പറ്റി ചികിൽസയിലായാൽ 2 ലക്ഷം രൂപ വരെ ചികിൽസ ധനസഹായം ലഭിക്കുന്നു. മരണപ്പെട്ടാൽ 10 ലക്ഷം രൂപ ലഭിക്കും. അപകടം പറ്റി ജോലിക്കു പോകാൻ പറ്റാതെയായാൽ 2000 രൂപ വീതം പരമാവധി 100 ആഴ്ച്ച വരെ തൊഴിലാളികൾക്ക് ലഭ്യമാകുന്ന രീതിയിൽ ആണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 1000 തൊഴിലാളികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 116.04കോടി രൂപ ആകെ മൂല്യമുള്ള പോളിസിയുടെ പ്രഖ്യാപനവും പോളിസി വിതരണവും നടത്താൻ കഴിയുന്നുവെന്നതിൽ സന്തോഷമുണ്ട്.


കൃത്യമായ ഇടവേളകളിൽ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും തൊഴിലാളികൾക്കും ആവശ്യമായ പരിശീലനം ലഭ്യമാക്കാനും ലേബർഫെഡ് തുടക്കം കുറിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഈ മേഖലയിൽ നടത്തുന്ന കാലാനുസൃത പരിശീലന രീതികളെ മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച ലേബർ ബാങ്കും മെറ്റീരിയൽ ബാങ്കുമടക്കമുള്ള ഭാവി പ്രവർത്തനങ്ങൾ സമയബന്ധിതമായി ലേബർ ഫെഡ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.


അംഗ സംഘങ്ങൾക്കുള്ള ഇൻഷുറൻസ് പോളിസി വിതരണം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. ലേബർ ഫെഡ് മാനേജിംഗ് ഡയറക്ടർ ബിന്ദു എ റിപ്പോർട്ട് അവതരിപ്പിച്ചു. വി കെ പ്രശാന്ത് എം എൽ എ, വാർഡ് കൗൺസിലർ രാഖി രവികുമാർ, ലേബർ ഫെഡ് ചെയർമാൻ എസി മാത്യു, സഹകരണ സംഘം രജിസ്ട്രാർ ഇൻ ചാർജ് ആർ ജ്യോതി പ്രസാദ്, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം എസ്, ലേബർ ഫെഡ് ഭരണ സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.