November 21, 2024

Login to your account

Username *
Password *
Remember Me

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകൾ ഇനി ഓപ്പറേഷൻ ലൈഫ്: മന്ത്രി വീണാ ജോർജ്

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിൽ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. അതിന്റെ കൂടി ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി. ഈ ഓപ്പറേഷനുകളെല്ലാം ഇനി ഒരൊറ്റ പേരിലായിരിക്കും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് വിതരണവും ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ സെമിനാറും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


സുസ്ഥിരവും ആരോഗ്യകരവുമായ നിലനിൽപ്പിനായാണ് ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം പകരുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടന ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉയർത്തുന്ന സന്ദേശം തന്നെ 'Food safety is every one's business' എന്നതാണ്.


സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് തീവ്രയജ്ഞ പരിപാടികളാണ് നടത്തി വരുന്നത്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ഈ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തി. ഈ സർക്കാരിന്റെ കാലത്ത് ചികിത്സാ സംവിധാനം വലിയ രീതിയിൽ ഒരുക്കിയതിനോടൊപ്പം രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നു. നല്ല ഭക്ഷണവും വെളളവും ഓരോരുത്തരുടെയും അവകാശമാണ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. അതിനാൽ തന്നെ കർശന നടപടി സ്വീകരിക്കുന്നു.


ഈ സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. പ്രാദേശികമായ സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ഭക്ഷ്യ സുരക്ഷാ പരിശോധനകളെല്ലാം ഓൺലൈനാക്കി. മറ്റ് നടപടികളും സ്വീകരിച്ച് വരുന്നു. ഭക്ഷ്യ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഭക്ഷണം വിളമ്പുന്നവരുടെ ശുചിത്വം പ്രധാനമാണ്. അതിനാൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. കെ.എം.എസ്.സി.എൽ. വഴി കുറഞ്ഞ വിലയ്ക്ക് ടൈഫോയിഡ് വാക്സിൻ ലഭ്യമാക്കി. പച്ചമുട്ട ചേർത്തുണ്ടാക്കിയ മയോണൈസ് നിരോധിച്ചു. സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. എൻ.എ.ബി.എൽ. ലാബ് സജ്ജമാക്കി. മൈക്രോബയോളജി ലാബുകൾ സജ്ജമാക്കി വരുന്നു. ക്ലീൻ സ്ട്രീറ്റ് ഫുഡ് ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു തരത്തിലുള്ള സമ്മർദത്തിനും വഴങ്ങരുത്. നമുക്കും സമൂഹത്തിനും അടുത്ത തലമുറയ്ക്കുമായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.