*ലഹരിമാഫിയാസംഘത്തിലെ ഏഴുപേരും അറസ്റ്റിൽ
കണ്ണൂർ: തലശേരി ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍ വച്ചാണ് പിടിയിലായത്.ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. നേരത്തെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജാക്‌സണ്‍, ഫര്‍ഹാന്‍ നവീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തലശേരി സിറ്റി സെന്ററിന് സമീപം ലഹരിമാഫിയ സംഘം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത്. കുത്തേറ്റ ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചും മരിച്ചു. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബൂവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ലഹരിവില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചിരുന്നു.
ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും.അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം നടന്നത്.
*ലഹരി മാഫിയയെ അമർച്ചചെയ്യും
തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരേ സർക്കാർ തുടർച്ചയായ ബഹുജന ക്യാംപെയിൻ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനോടുള്ള വെല്ലുവിളിയായാണു കാണേണ്ടതെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.