· സേ നോ ടു ഡ്രഗ്‌സ്: ടെക്‌നോപാര്‍ക്കില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു
തിരുവനന്തപുരം: ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. സേ നോ ടു ഡ്രഗ്‌സ് എന്ന പ്രമേയത്തില്‍ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയ മുന്‍പെങ്ങുമില്ലാത്ത വിധം സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ ബോധവല്‍ക്കരണവും ഇടപെടലുകളും ഉണ്ടാകണം. സ്‌കൂളുകളിലും കോളേജുകളിലും ഐ.ടി ക്യാംപസുകളിലും ശക്തമായ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും അതിന് സമൂഹം ഒറ്റക്കെട്ടായി നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ടെക്‌നോപാര്‍ക്ക് ഭവാനി ബില്‍ഡിങ്ങിന് മുന്നില്‍ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി, പാര്‍ക്ക് സെന്റര്‍, ക്വസ്റ്റ്, ചന്ദ്രഗിരി, കാര്‍ണിവല്‍, ആംസ്റ്റര്‍, ഗായത്രി, നെയ്യാര്‍, ഐ.ബി.എസ്, നിള തുടങ്ങിയ ബില്‍ഡിങ്ങുകള്‍ക്ക് മുന്നിലൂടെ നൂറിലധികം ടെക്കികള്‍ റാലി നടത്തി. തുടര്‍ന്ന് മില്യണ്‍ ഗോള്‍ ചലഞ്ചിലും സിഗ്നേച്ചര്‍ വാളിലും ടെക്കികള്‍ പങ്കെടുത്തു. ടെക്കികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് അധ്യക്ഷനായി. യുവജനക്ഷേമ ബോര്‍ഡ് അംഗം അന്‍സാരി പരിപാടിയ്ക്ക് ആശംസകള്‍ നേര്‍ന്നു. പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് സ്വാഗതവും സെക്രട്ടറി വിനീത് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.