ജറുസലേം:ഗാസയിലേക്ക് നടത്തിയ ദിവസങ്ങൾ നീണ്ട ആക്രമണത്തിനുശേഷം വെസ്റ്റ് ബാങ്കിലും അക്രമം അഴിച്ചുവിട്ട് ഇസ്രയേൽ. ചൊവ്വാഴ്ച നബ്‌ലസ് നഗരത്തിലേക്ക് നടത്തിയ ആക്രമണത്തിൽ സായുധസംഘം അൽ അഖ്‌സ മാർടിയേഴ്‌സ് ബ്രിഗേഡ്‌സ് കമാൻഡർ ഇബ്രാഹിം അൽ നബുൽസി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് ഇസ്രയേൽ സൈന്യം ഓൾഡ് സിറ്റിയിൽ നബുൽസി താമസിച്ചിരുന്ന കെട്ടിടം ആക്രമിച്ചത്.
പരിക്കേറ്റ നാലുപേർ ഗുരുതരാവസ്ഥയിലാണ്.മാതൃരാജ്യത്തെ സംരക്ഷിക്കണമെന്നും മരണംവരെയും പോരാടുമെന്നും നബുൽസി പറയുന്ന, മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് റെക്കോഡ് ചെയ്ത വീഡിയോ സന്ദേശം പുറത്തുവന്നു. ഗാസയിൽ വെടിനിർത്തലിന് നിർബന്ധിതമായശേഷം തങ്ങൾ കൈയടക്കി വച്ചിരിക്കുന്ന വെസ്റ്റ് ബാങ്കിൽ പ്രകോപനമില്ലാതെ ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു. വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പലസ്തീൻ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫതായുടെ സായുധ വിഭാഗമാണ് അൽ അഖ്‌സ മാർടിയേഴ്‌സ് ബ്രിഗേഡ്.