ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സ്‌കൂളുകളിൽ ഒന്നായ മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ടെത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയ്ക്കുശേഷം മന്ത്രി കുട്ടികളുമായി ആശയവിനിമയം നടത്തി. ആത്മവിശ്വാസത്തോടെ പരീക്ഷ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ നേരിട്ട് കാണാനും സ്കൂൾതല ക്രമീകരണങ്ങൾ വിലയിരുത്താനുമാണ് മന്ത്രി എത്തിയത്.
ഒന്നും രണ്ടും വർഷം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളാണ് മാർച്ച് 10ന് നടന്നത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് അറബിക്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി,കന്നട, ലാറ്റിൻ, മലയാളം, റഷ്യൻ,സംസ്കൃതം, സിറിയക്, തമിഴ്, ഉർദു,കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷകൾ ആണ് നടന്നത്. ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ് എന്നി പരീക്ഷകളാണ് നടന്നത്.
ഒന്നാംവർഷ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 47 വൊക്കേഷണൽ വിഷയങ്ങളിലുള്ള പരീക്ഷകളാണ് നടന്നത്. രണ്ടാംവർഷ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഓൻട്രപ്രണർഷിപ് ഡെവലപ്പ്മെന്റ്(Entrepreneurship Development ( ED) )
വിഷയത്തിൽ ആണ് കുട്ടികൾ പരീക്ഷ എഴുതിയത് . ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. എസ്. എസ്.വിവേകാനന്ദൻ, തിരുവനന്തപുരം ആർ ഡി ഡി അശോക് കുമാർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.