സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലകൾക്കു കഴിയുന്ന ഇടങ്ങളിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാലു വർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ചു കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി സർവകലാശാലകൾക്കു നൽകിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു പ്രകാരമാണു സർവകലാശാലകൾ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയാറാക്കുക. നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാനുള്ള തീരുമാനത്തോടെ, ഇതിന് ആവശ്യമായ അധ്യാപക പരിശീലന പ്രക്രിയ വിശദമായി പൂർത്തിയാക്കാൻ കഴിയും. സമഗ്രവും സമൂലവുമായ പരിഷ്‌കാര നടപടികളിലേക്കു പോകാൻ കഴിയുന്നവിധത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തരീക്ഷ സൃഷ്ടി സാധ്യമാകും. സർവകലാശാലകൾക്ക് അവരവരുടെ പ്രത്യേകതകൾക്കനുസരിച്ച് കരിക്കുലം ഫ്രെയിം വർക്ക് കസ്റ്റമൈസ് ചെയ്യാനും ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കോഴ്സിനും സിലബസ് തയാറാക്കുന്നതിനും അതിന് അനുസൃതമായ ലേണർ സെന്റേഡ് കാഴ്ചപ്പാടിലേക്ക് അധ്യാപകർക്കു മാറുന്നതിനും സമയം ലഭിക്കുകയും ചെയ്യും.
നൈപുണ്യ വികസനത്തിനു വലിയ പ്രാധാന്യമാണു പുതിയ കരിക്കുലം നൽകുന്നത്. നൈപുണ്യ വികസനത്തിനുള്ള സംവിധാനങ്ങൾ എല്ലാ കലാലയങ്ങളിലും ഉണ്ടാകും. ബിരുദ തലത്തിൽ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് എക്സിറ്റ് പോയിന്റ് കൊടുക്കുകയും കൂടുതൽ പഠിക്കാനും ഗവേഷണത്തിനും താത്പര്യമുള്ളവർക്ക് അതിന് അവസരമൊരുക്കുകയും ചെയ്യുന്ന വിധത്തിലുമാണു നാലു വർഷ ഡിഗ്രി കോഴ്സുകൽ വിഭാവനം ചെയ്തിട്ടുള്ളത്. ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുയെന്നും മന്ത്രി പറഞ്ഞു.