കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കേരളാ പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉല്‍പാദനം മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 19 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ, കയര്‍, വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ തുടങ്ങിയ വിശിഷ്ടാതിഥികള്‍ സംബന്ധിക്കും. യുണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പര്‍ നിര്‍മാണം ആരംഭിക്കുന്നതെന്ന് കെപിപിഎല്ലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
സംസ്ഥാനത്തെ വ്യവസായ വികസനത്തിനായി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനും (എച്ച്പിസി) കോട്ടയത്തെ വെള്ളൂരില്‍ വന്‍കിട പേപ്പര്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിനായി 1974-ല്‍ ഒരു ദീര്‍ഘകാല ധാരണയില്‍ ഏര്‍പ്പെട്ടിരുന്നു. നിര്‍ദ്ദിഷ്ട നിലവാരത്തിലുള്ള മര അസംസ്‌കൃത വസ്തുക്കള്‍, ജലം, വൈദ്യുതി, യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കേരള സര്‍ക്കാര്‍ ലഭ്യമാക്കാമെന്ന്് സമ്മതിച്ചിരുന്നു. ഇതിനു പുറമെ 1979-ല്‍ കേരള സര്‍ക്കാര്‍ 700 ഏക്കര്‍ ഭൂമി എറ്റെടുക്കുകയും ഹിന്ദുസ്ഥാന്‍ ന്യൂസ്പേപ്പര്‍ ലിമിറ്റഡ് എന്ന പേരിലുള്ള ഈ പേപ്പര്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പാട്ടത്തിനു നല്‍കുകയും ചെയ്തു. കേരള സര്‍ക്കാരിന്റെ ഈ ഗുണകരമായ നീക്കങ്ങളില്‍ നിന്നാണ് എച്ച്എന്‍എലിന്റെ കഥ ആരംഭിക്കുന്നത്. 1982-ല്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യ മൂന്നു ദശാബ്ദങ്ങളില്‍ മികച്ച റെക്കോര്‍ഡുകള്‍ കാഴ്ച വെച്ച ശേഷം വിവിധ കാരണങ്ങളാല്‍ തുടര്‍ന്നുള്ള ദശാബ്ദത്തില്‍ അതു മങ്ങി തുടങ്ങുകയും 2019 ജനുവരിയില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു.
ഈ ഘട്ടത്തില്‍ മുഖ്യ പങ്കാളിയും ഗുണഭോക്താവുമായ കേരള സര്‍ക്കാര്‍ അത് ഏറ്റെടുക്കാനും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഈ അഭ്യര്‍ത്ഥന പരിഗണിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് 2019 നവംബര്‍ 28-ന് എന്‍സിഎല്‍ടിയുടെ കൊച്ചി ബഞ്ചില്‍ കോര്‍പറേറ്റ് ഇന്‍സോള്‍വെന്‍സി ആന്റ് റെസലൂഷന്‍ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസലൂഷന്‍ അപേക്ഷകരില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചു. കേരള സര്‍ക്കാരിനു വേണ്ടി കിന്‍ഫ്ര റസലൂഷന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്‍സിഎല്‍ടി കൊച്ചി ഈ പദ്ധതി അംഗീകരിക്കുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഇതിന് അംഗീകാരം നല്‍കുകയും കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമറ്റഡ് എന്ന പേരില്‍ കമ്പനി രൂപവല്‍ക്കരിക്കുന്നതിനായി 2021 ഡിസംബര്‍ 20-ന് സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറേഷന്‍ ലഭ്യമാക്കുകയും ചെയ്തു. ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവര്‍ത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികള്‍ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു.