തീർപ്പാക്കാനുള്ള ഫയലുകൾ നിശ്ചിത സമയത്തിനപ്പുറം ഉദ്യോഗസ്ഥർ കൈവശം വെക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത കാട്ടണം. അധ്യാപക സമൂഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കണം. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അസിസ്റ്റന്റ് എഡുക്കേഷണൽ ഓഫീസർ, ഡിസ്ട്രിക്ട് എഡുക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡുക്കേഷൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർ ജനറൽ, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു . ഇതാദ്യമായാണ് പൊതുവിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും ഒരുമിച്ച് യോഗം വിളിച്ചുചേർത്ത് അഭിസംബോധന ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ,എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്. ആര്‍.കെ,
എസ്.എസ്.കെ ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ, കൈറ്റ് സി ഇ ഒ കെ അൻവർ സാദത്,സീമാറ്റ് ഡയറക്ടര്‍ ഡോ. സാബു കോട്ടുക്കല്‍, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് തുടങ്ങിയവരും പങ്കെടുത്തു.
സ്കൂളുകളുടെ ഫിറ്റ്നസ്, അക്കാദമിക നേതൃത്വം, വിദ്യാഭ്യാസ ഭരണപരമായ നേതൃത്വം, ജനകീയ ഘടകങ്ങളുടെ ഏകോപനം , എയ്ഡഡ് മേഖലയിലെ കാര്യങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം , വിവിധ പദ്ധതികളുടെ നിർവഹണം, കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ , ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ , ഭരണപരമായ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള സ്കൂൾ മാനുവൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവ മുൻനിർത്തിയുള്ള ചർച്ചയുമുണ്ടായി.