ഹയർ സെക്കന്ററി മേഖലാ ഉപമേധാവികളുടെ ഓഫീസുകളുടെ ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു.
മുന്നിലുള്ള ഓരോ ഫയലും ഒരു മനുഷ്യ ജീവിതമാണെന്ന കരുതലോടെ വേണം ഫയലുകളെ കാണാനെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു വർഷം വരെ തീർപ്പാക്കാതെ കിടന്ന 21 ഫയലുകൾ തീർപ്പാക്കി ഉത്തരവുകൾ ഉദ്ഘാടന വേദിയിൽ തന്നെ മന്ത്രി കൈമാറി.
ഹയർ സെക്കന്ററി തിരുവനന്തപുരം മേഖലാ ഉപമേധാവിയുടെ ഓഫീസ് മന്ത്രി കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു . ഇവിടെ അറനൂറോളം കുടിശ്ശിക ഫയലുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ച് കുടിശ്ശിക ഫയൽ തീർപ്പാക്കാൻ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തെ എല്ലാ ആർ ഡി ഡി ഓഫീസുകളിലും ഇത്തരത്തിൽ പരിശോധന നടത്താനും വേണ്ടിവന്നാൽ അദാലത്ത് നടത്താനും നിർദേശം നൽകിയിട്ടുണ്ട്.തിരുവനന്തപുരം മേഖലാ ഉപമേധാവിക്ക് കീഴിലുള്ള തിരുവനന്തപുരം ജില്ലയുടെ അദാലത്ത് ഇന്നും കൊല്ലം ജില്ലയുടെ നാളെയുമായാണ് നടത്തപ്പെടുന്നത് .
എയ്ഡഡ് സ്കൂളുകളിലെ നിയമന അംഗീകാര അപേക്ഷകളും മെഡിക്കൽ റീഇമ്പേഴ്മെന്റ് അപേക്ഷകളും ഉൾപ്പെടെയുള്ള കുടിശ്ശിക ഫയലുകൾ ആണ് അദാലത്തിൽ പരിഗണിക്കുന്നത് .