തിരുവനന്തപുരം; കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പാലിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ സൗത്ത് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന് ശേഷം യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സർവ്വീസുകൾ വിപുലീകരിക്കും. മലക്കപ്പാറയിലേക്കുള്ള സർവ്വീസ് വിജയമായത് പോലെ ഗവി, പൊൻമുടി എന്നിവടങ്ങിളിലേക്കും സർവ്വീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സൗത്ത് സോണിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ , ഡൈനാമിക് ഷെഡ്യൂളിംഗ്, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും, അതിന് വേണ്ടി സ്റ്റുഡൻസ് ബോണ്ട് സർവ്വീസ് നടത്താനുദ്ദേശിക്കുന്ന വിവരങ്ങൾ , ഗ്രാമ വണ്ടി നടത്തിപ്പിനെക്കുറിച്ചുള്ള വിഷയങ്ങൾ കളക്ഷൻ കുറഞ്ഞ സർവ്വീസുകളുടെ പുനക്രമീകരണം, ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ വാട്ടർ ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തു.
ഗതാഗത സെക്രട്ടറി കൂടിയായ കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ ഐഎഎസ്, കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥർ, സൗത്ത് സോണിലെ പ്രധാന ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസിന് ഉള്ള ഉപഹാരം പാറശ്ശാല ഡിപ്പോ ( ഒന്നാം സ്ഥാനം) പൂവാർ ഡിപ്പോ ( രണ്ടാം സ്ഥാനം), വെള്ളറട ( മൂന്നാം സ്ഥാനം), യൂണിറ്റുകൾക്ക് മന്ത്രി സമ്മാനിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡിപ്പോകളായ കിളിമാനൂർ ( 43.43 % നഷ്ടം), പാപ്പനംകോട് (33.40%) , ചടയമംഗലം (36.5%,) വികാസ് ഭവൻ (34.3%), പുനലൂർ (32.2 %) എന്നിവടങ്ങളിൽ നിന്നും പ്രതിമാസം 5 കോടിയോളം രൂപയുടെ നഷ്ടമാണ് ഉള്ളത്. ഈ ട്രിപ്പുകളൊക്കെ ഇന്ധന ചിലവിനുള്ള തുക പോലും ലഭിക്കാതെയാണ് നഷ്ടമുണ്ടാക്കുന്നത്. ഇത്തരത്തിൽ മോശം പെർഫോമൻസ് നടത്തുന്ന ഡിപ്പോകളിലെ യൂണിറ്റ് അധികാരിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മെച്ചപ്പെടുന്ന ഡിപ്പോയിലുള്ളവർക്ക് റാങ്കിംഗ് നിശ്ചയിച്ച് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം നൽകുമെന്നും , മോശം പെർഫോമൻസ് ഉള്ള ഡിപ്പോയിലെ ഓഫീസർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എക്സിക്യൂട്ടീവ് ഡയറക്ടർ ജി പി പ്രദീപ്കുമാർ, യൂണിറ്റ് തല അവലോകനം നടത്തി. കെഎസ്ആർടിസി ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ, സൗത്ത് സോണിലെ 37 യൂണിറ്റുകളിലെയും യൂണിറ്റ് ഓഫീസർമാരുടെയും ഓപ്പറേറ്റിങ് സെൻറർ ഇൻസ്പെക്ടർ ഇൻചാർജ് മാരും അവലോകന യോഗത്തിൽ പങ്കെടുത്തു. സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും, സോണൽ ട്രാഫിക് ഓഫീസർ. ജേക്കബ് സാം ലോപ്പസ് കൃതജ്ഞത പറയുകയും ചെയ്തു.