സര്‍ക്കാരിന്റെ വര്‍ഗീയ മതിലിലോ ആര്‍എസ്എസിന്റെ അയ്യപ്പജ്യോതിയിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തെ വര്‍ഗീയമായി നെടുകയും കുറുകെയും പിളര്‍ക്കുന്ന ഈ പരിപാടികള്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ശബരിമലയെ കളങ്കപ്പെടുത്തിയശേഷം സര്‍ക്കാരിന്റെ മൗനസമ്മതത്തോടെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ബിജെപിക്കു മുഖംരക്ഷിക്കാനുള്ള പിടിവള്ളിയാണ് അയ്യപ്പജ്യോതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാറിന്റെ വര്‍ഗീയ മതിലിന് ബദലായി നടപ്പാക്കുന്ന അയ്യപ്പജ്യോതി പരിപാടിക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. അത് കേവലമൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പ്രബുദ്ധ കേരളത്തിന് അറിയാമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ വര്‍ഗീയ മതില്‍, സമൂഹത്തില്‍ വലിയ ചേരിതിരിവ് ഉണ്ടാക്കി.
നവോത്ഥാന പ്രസ്ഥാനം, ലിംഗസമത്വം തുടങ്ങി അവര്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അടിയില്‍ ഒളിഞ്ഞിരിക്കുന്നത് തനി വര്‍ഗീയതയാണ്. നവോത്ഥാന മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ച എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സാമൂഹിക സംഘടനകളെയും ക്രിസത്യന്‍ മുസ്ലീം ജനവിഭാഗങ്ങളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് മതില്‍ കെട്ടുന്നത്.
ഇവര്‍ നവോത്ഥാന മുന്നേറ്റത്തില്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ സുവര്‍ണരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നതു തന്നെ വര്‍ഗീയ മതില്‍ പൊളിയുമെന്നു മുന്നില്‍ കണ്ടാണെന്നു മുല്ലപ്പള്ളി പറഞ്ഞു.
ലിംഗസമത്വത്തിനുവേണ്ടി മതില്‍കെട്ടുന്നവര്‍ തന്നെയാണ് ഡി.വൈ.എസ്.പി കാറിനുമുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ ഭാര്യ വിജിയെ അപമാനിച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും തേടി വിജി നടത്തുന്ന സമരം മന്ത്രിക്ക് വെറും തോന്ന്യാസമാണ്.
വര്‍ഗീയ മതിലില്‍ നിന്നു പിന്‍മാറിയ നടി മഞ്ജുവാര്യരെ മറ്റൊരു മന്ത്രി വളരെ മോശമായി അധിക്ഷേപിച്ചു. പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം കര്‍ണാടക സെക്രട്ടറിയെ കേന്ദ്രകമ്മിറ്റി പുറത്താക്കിയെങ്കിലും പി.കെ ശശി എം.എല്‍.എ എന്ന പീഡകന് കേരളത്തിലെ സി.പി.എം എല്ലാവിധ സംരക്ഷണവും നല്‍കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം നടത്തിയതില്‍ സി.പി.എമ്മിന് പങ്കില്ലെന്നു പറയാനാകുമോ? രണ്ടേ മുക്കാല്‍ വര്‍ഷമായി കേരളത്തില്‍ നടന്ന പീഡനക്കേസുകളിലെല്ലാം സി.പി.എമ്മുകാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.