തൃശ്ശൂര്‍ എരുമപ്പെട്ടി ഭാഗത്താണ് ഹിമാലയന്‍ പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന കഴുകനെ അവശനായി പറക്കാന്‍ കഴിയാത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് രാത്രിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പീച്ചിവാഴാനി വന്യജീവിസങ്കേതത്തില്‍ എത്തിച്ചു.
രണ്ടുദിവസത്തോളം ശുശ്രൂഷിച്ച ശേഷം പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കഴുകനെ നെല്ലിയാമ്പതി ഗോവിന്ദാമലയിലെത്തിച്ചാണ് പറത്തിവിട്ടത്. ശവംതീനികളായ ജിപ്‌സ് ഹിമാലയന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ കഴുകനെ 2013ല്‍ തൃശ്ശൂര്‍ അകമലയില്‍ കണ്ടെത്തിയിരുന്നു.
തീറ്റതേടി ദിവസം നൂറുകിലോമീറ്ററിലധികം ഈ കഴുകന്‍മാര്‍ പറക്കും. കുഞ്ഞുങ്ങളായാലും ഇവയ്ക്ക് അസാധാരണ വലുപ്പമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ കഴുകന്റെ ആകെ വലുപ്പം 1.11.2 മീറ്ററാണ്. വടക്കന്‍ പാകിസ്താന്‍, ഭൂട്ടാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലാണ് ഇവയുടെ സ്ഥിരവാസം. പൂര്‍ണവളര്‍ച്ചയെത്തിവ അധികം സഞ്ചരിക്കാറില്ല. കഴുകന്‍കുഞ്ഞുങ്ങള്‍ക്കുള്ള ആകാംക്ഷയാണ് ഇത്രദൂരം പറന്നെത്താന്‍ കാരണമെന്ന് ഈ രംഗത്തെ ഗവേഷകര്‍ പറയുന്നു.