തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം.
പൊങ്കാല ഇടുമ്പോൾ ശ്രദ്ധിക്കാൻ
1. അടുപ്പ് മണ്ണെണ്ണ പോലുള്ള ദ്രവ ഇന്ധനങ്ങൾ ഉപയോഗിച്ച് കത്തിക്കരുത്.
2. പെട്രോൾ പന്പുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്
3. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു മാത്രം അടുപ്പ് കത്തിക്കുക
4. പൊങ്കാലയിടുന്ന ഒരാൾക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാൻ ശ്രദ്ധിക്കണം
5. ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കുക