കൽപറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ വാ തോരാതെ സംസാരിക്കുമ്പോഴും എല്ലാം നഷ്ടമായ നിരവധി കുടുംബങ്ങള്‍ ദുരന്തം നടന്ന് എട്ട് മാസമായിട്ടും കരട് പട്ടികയ്ക്ക് പുറത്താണ്. സാങ്കേതിക നൂലാമാലകളും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറാത്ത മാനദണ്ഡങ്ങളുമാണ് ഇവരെ പട്ടികയില്‍ നിന്നും പുറംതള്ളുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നേരിടുന്നതും വലിയ പ്രതിസന്ധിയാണ്.
മേപ്പാടി പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ രവിയും കുടുംബവും താമസിച്ചിരുന്ന കാലങ്ങളായി നികുതിയും മറ്റും അടച്ചു പോന്ന 67 ആം നമ്പര്‍ വീട് വെറും ഓര്‍മ്മയാണ്. രവിയുടെ പേര് പുഞ്ചിരിമട്ടത്തുള്ള അമ്മ താമസിക്കുന്ന തറവാട് വീട്ടിലെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടു എന്ന കാരണം കൊണ്ട് ഒരു ലിസ്റ്റിലും പേര് വന്നില്ല.
വാടകയ്ക്ക് താമസിച്ചതിന് രേഖകളില്ലാത്തവർ. മറ്റൊരു വീട്ടിലേക്ക് കല്ല്യാണം കഴിച്ച്പോയി എന്ന കാരണം കൊണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍. ഇങ്ങനെ സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി മനുഷ്യരുണ്ട് പട്ടികകയ്ക്ക് പുറത്ത്. ഒന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 53 അപ്പീലുകളാണ് എത്തിയത്. അതൊന്നും ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. അതിന് മുമ്പാണ് സമ്മതപത്രം ഒപ്പിടാനുള്ള ഹിയറിംങ് നടപടികള്‍. ഇനി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കാര്യമെടുക്കാം.
ഏഴു സെന്റില്‍ വീട്, അല്ലെങ്കില്‍ 15 ലക്ഷം നഷ്ടപരിഹാരം, തുടങ്ങിയ വ്യവസ്ഥകളുള്ള സമ്മതപത്രം ഒപ്പിടാന്‍ ഭൂരിഭാഗം പേരും ഹിയറിങില്‍ വിസമ്മതിക്കുകയാണ്. പത്തു സെന്റ് വീട്, നഷ്ടപരിഹാരം 40 ലക്ഷമാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ രേഖപ്പെടുത്താന്‍ പോലും അവസരമില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു.