കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂർ ടൗണിൽ ഗാന്ധിസ്ക്വയറിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു.
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ആവശ്യപ്പെടാൻ സാധിക്കും. കഴിഞ്ഞ മാസം ഡൽഹിയിൽ കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രിമാരുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി. ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. ആധാർ കൈവശമുള്ളവർക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കുറുവപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ. സജിത് ബാബു സ്വാഗതവും എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ സഹീർ നന്ദിയും പറഞ്ഞു.