November 23, 2024

Login to your account

Username *
Password *
Remember Me

കേരളത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന കേരളീയം എല്ലാ വർഷവും

**കിഴക്കേകോട്ട മുതൽ കവടിയാർ വരെ കേരളീയം പ്രദർശനവീഥി

**60 വേദികൾ, 37 പ്രദർശനങ്ങൾ

**സെമിനാറുകൾ, ചലച്ചിത്ര മേളകൾ, ഫ്ളവർ ഷോ, ട്രേഡ് ഫെയർ, ബിനാലെ മാതൃകയിൽ ഇൻസ്റ്റലേഷനുകൾ


ലോകോത്തര കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന 'കേരളീയം' പരിപാടി എല്ലാ വർഷവും നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 'ആദ്യമായി ഈ വർഷം നവംബർ 1 മുതൽ 7 വരെ നടത്തുന്ന കേരളീയം-2023 മഹത്തും ബൃഹത്തുമായ സാംസ്‌കാരിക ഉത്സവമായിരിക്കും. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാ വർഷവും അതാത് വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നത്,’കേരളീയം-2023 സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.


'ലോകത്തിലെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്ക് മാത്രം സാധ്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ നാടാണ് കേരളം. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കേണ്ടതുണ്ട്. ആ ചിന്തകളെ മുൻനിർത്തിയുള്ളതാണ് കേരളീയം-2023. കേരളീയത ഒരു വികാരമാവണം. ആ വികാരത്തിൽ കേരളീയരാകെ ഒരുമിക്കണം. ഭാരതത്തിനാകെ അഭിമാനം നൽകുന്ന കേരളീയത. അതെന്താണെന്ന് ലോകം അറിയണം,' മുഖ്യമന്ത്രി വ്യക്തമാക്കി. കേരളപ്പിറവി ദിനം മുതൽ ഒരാഴ്ചക്കാലം തലസ്ഥാന നഗരിയിൽ നടക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ വാഹന ഗതാഗതം ഉണ്ടാവില്ല. പ്രധാന നിരത്തുകളിൽ ജനങ്ങളാണ് ഉണ്ടാവുക. ട്രാഫിക് വഴി തിരിച്ചുവിടും. 60 വേദികളിലായി 35 ഓളം പ്രദർശനങ്ങൾ ഇവിടെ അരങ്ങേറും. ഈ വീഥി മുഴുവൻ ദീപങ്ങൾ കൊണ്ടു അലങ്കരിക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ആറ് ട്രേഡ് ഫെയറുകൾ, അഞ്ചു വ്യത്യസ്ത തീമുകളിൽ ചലച്ചിത്രമേളകൾ, അഞ്ചു വേദികളിൽ ഫ്ളവർഷോ, എട്ടു വേദികളിൽ കലാപരിപാടികൾ, നിയമസഭയിൽ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവ അരങ്ങേറും.


കേരളീയം 2023 ൽ പങ്കെടുക്കാൻ അന്തർദേശീയ, ദേശീയ പ്രമുഖർ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ വരും. അവർ തിരികെപ്പോയി കേരളത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യും. അത് നമുക്ക് പ്രയോജനപ്പെടും.
ലോകം മാറുമ്പോൾ നാം മാറേണ്ടതില്ല എന്ന അടഞ്ഞ ചിന്ത പാടില്ലെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ലോകത്തിന്റെ എല്ലാ കോണിലേക്കും പടർന്നുപന്തലിച്ച സമൂഹമായ മലയാളിക്ക് അല്ലാതെ വേറെ ആർക്കാണ് കേരളം എന്ന വികാരം ഇങ്ങനെ പ്രദർശിപ്പിക്കാൻ കഴിയുക? നമ്മുടെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ ലോകത്തെക്കുറിച്ച് നമുക്ക് ഉണ്ടാകേണ്ട അറിവുകൾ ഏതൊക്കെയാണെന്നും അവ എങ്ങനെ ഇവിടെ നടപ്പാക്കണമെന്ന് കൂടി കേരളവും 2023 അന്വേഷിക്കും,' മുഖ്യമന്ത്രി പറഞ്ഞു. മലയാളി സമൂഹം ഭൂഖണ്ഡാന്തരങ്ങളിലേക്ക് വളർന്നു പന്തലിച്ചു. ലോകമലയാളി എന്ന സങ്കല്പം തന്നെയുണ്ടായി. മലയാളി എത്തിചേർന്ന നാടുകളിലൊക്കെ അവിടുത്തെ സാമൂഹ്യപുരോഗതിക്കായി പ്രവർത്തിച്ചു. ഇത് ആ നാടിന് മലയാളികളോട് താല്പര്യം തോന്നാൻ ഇടയാക്കി. ആ താല്പര്യത്തെ കേരളീയം 2023 പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയിൽ ഊന്നിനിന്ന് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുകയാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി നിർമിത ബുദ്ധിയും മെഷീൻ ലേണിംഗും റോബോട്ടിക്‌സും ഉൾപ്പെടുന്ന പുതിയ അറിവുകൾ ഉല്പാദിപ്പിക്കുന്ന ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി മാറാൻ ഒരുങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ സവിശേഷതകൾ കേരളീയത്തിൽ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


നമ്മുടെ പുതിയ തലമുറയുടെ മികവ് ലോകത്തിന് അറിയാനുള്ള അവസരം കൂടിയാണ് ഈ പരിപാടി. നമ്മുടെ സമഗ്രവികസന കാഴ്ചപ്പാടിനെ അത് ഉത്തേജിപ്പിക്കും. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത, മധ്യ വരുമാന രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊർജ്ജം പകരും. നവകേരള നിർമിതിയുടെ വാതിൽ തുറക്കുന്ന പല പരിപാടികളുടെയും സമന്വയമാണ് കേരളീയം-2023. കേരളത്തിന്റെ നേട്ടങ്ങളെ ഇക്കഴ്ത്തി കാട്ടാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടി യഥാർത്ഥ കേരളത്തെ ഉയർത്തിക്കാട്ടുക എന്നതാണ്. പരിപാടിയിൽ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു. കേരളീയം 2023 തിരുവനന്തപുരത്ത് നടക്കുന്നതിന് അനുബന്ധമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നിയമസഭ വേദിയാകുമെന്ന് അദ്ദേഹം അറിയിച്ചു. കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചെയർമാൻ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി പി ശിവൻകുട്ടിയാണ്. ചീഫ് സെക്രട്ടറി ഡോ. വി വേണു ജനറൽ കൺവീനറും വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ കൺവീനറുമാണ്. ജനറൽ കമ്മിറ്റി മുഖ്യരക്ഷാധികാരികൾ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ.കെ ആൻറണി, വി.എസ് അച്യുതാനന്ദൻ എന്നിവരാണ്.


രക്ഷാധികാരികളായി സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രിമാർ എന്നിവർ ഉൾപ്പെടും. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ആണ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ. കേരളീയം 2023 ന്റെ താൽക്കാലിക ഓഫീസ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ പ്രവർത്തനം തുടങ്ങി. പരിപാടി സംബന്ധിച്ചു എല്ലാ വകുപ്പുകളും സെപ്റ്റംബർ എട്ടിനകം ആദ്യയോഗം ചേർന്നു ആശയം സമർപ്പിക്കണം. സെപ്റ്റംബർ 20 നകം അന്തിമ ആശയവും നൽകണം. പരിപാടി ആരംഭിക്കുന്ന നവംബർ ഒന്നിന് ഉദ്ഘാടനം നടക്കും. നവംബർ 2 മുതൽ 6 വരെ നാല് വേദികളിലായി വിവിധ വിഷയങ്ങളിൽ 20 സെമിനാറുകൾ നടക്കും. നവംബർ 7 ന് നവകേരളത്തെകുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു കൊണ്ടായിരിക്കും പരിപാടിയുടെ സമാപനം. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു, ജി.ആർ അനിൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ എന്നിവർ പങ്കെടുത്തു. കലാ, സാഹിത്യ, സാംസ്‌കാരിക,വ്യാപാര വാണിജ്യ മേഖലകളിലെ പ്രഗൽഭർ സംബന്ധിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.