നിങ്ങളുടെ കുട്ടിക്ക് പുതുതായി ആധാർ കാർഡ് എടുക്കണോ? അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? തിരക്കുകൾക്കിടയിൽ മാറ്റിവെച്ച ആവശ്യങ്ങളെല്ലാം ഒരിടത്ത് പരിഹരിക്കപ്പെട്ടെങ്കിൽ എത്ര നന്നായിരിക്കും, അതും സൗജന്യമായി. എങ്കിൽ നാളെ മുതൽ അത് സാധ്യമാണ്, കനകക്കുന്നിലെ 'എന്റെ കേരളം' മെഗാമേളയിൽ.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം'-മെഗാ പ്രദർശന വിപണന ഭക്ഷ്യമേളയിൽ, സർക്കാർ വകുപ്പുകളുടെ സേവനങ്ങളും നിങ്ങൾക്കരികിലേക്കെത്തും. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സിവിൽ സപ്ലൈസ്, മോട്ടോർ വാഹനം, രജിസ്‌ട്രേഷൻ, റവന്യു, തദ്ദേശസ്വയംഭരണം, ഐടി മിഷൻ, ഭക്ഷ്യസുരക്ഷ, വാട്ടർ അതോറിറ്റി, കൃഷി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, സർവേ- ലാൻഡ് റെക്കോർഡ്‌സ്, കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ. തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളാണ് തത്സമയം ലഭ്യമാകുന്നത്.
പുതിയ ആധാർ കാർഡ് രജിസ്‌ട്രേഷൻ, ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കൽ, കുട്ടികൾക്കുള്ള ആധാർ രജിസ്‌ട്രേഷൻ തുടങ്ങിയ സേവനങ്ങൾ മേളയിലെ അക്ഷയ സെന്ററിൽ ലഭ്യമാകും. റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾ, ഇ-സഞ്ജീവനി സേവനം, വാട്ടർ അതോറിറ്റി സംബന്ധമായ പരാതികൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം, കുടിവെള്ളം പരിശോധന, കെഎസ്ഇബി ഓൺലൈൻ ബിൽ പേയ്‌മെന്റ്, വാഹന രജിസ്‌ട്രേഷൻ പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് ചേർക്കൽ, രജിസ്‌ട്രേഷൻ പുതുക്കൽ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശവുമായി ബന്ധപ്പെട്ട വിവരങ്ങളും സ്റ്റാളുകളിൽ ഉണ്ടാകും.
പതിനഞ്ചോളം സർക്കാർ വകുപ്പുകളുടെ സൗജന്യ തത്സമയ സേവനം ഉറപ്പാക്കുന്ന പതിനാറ് സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ,മണ്ണ് പരിശോധനയ്ക്കായുള്ള കൃഷി വകുപ്പിന്റെ മൊബൈൽ യൂണിറ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ പരിശോധന യൂണിറ്റ് എന്നിവയും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
എന്റെ കേരളം മെഗാ മേളയിൽ, കഴിഞ്ഞവർഷം സേവന സ്റ്റാളുകളുടെ പ്രയോജനം നേടിയത് നാലായിരത്തിലധികം പേരാണ്. ഇത്തവണയും, വിവിധ ആവശ്യങ്ങളുമായെത്തുന്ന ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.