തിരുവനന്തപുരം: ജോലിയ്ക്കിടയിലും ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് അടിയും തടയും പഠിച്ചു വനിതാ ഡോക്ടർമാർ. ആരെയും ആക്രമിക്കാൻ വേണ്ടിയല്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിപിടികളിലും, ആക്രമണങ്ങളിലും സ്വയം രക്ഷയ്ക്ക് വേണ്ടിയുളള പ്രതിരോധ അടവുകൾ മനസിലാക്കുമ്പോൾ ഓരോ ഡോക്ടർമാരുടേയും മനസിൽ ആത്മ വിശ്വാസമാണ് വർദ്ധിച്ചിരുന്നത്. നിരവധി പേരുടെ ജീവൻ രക്ഷിക്കുന്ന കൈകൾ കൊണ്ട് തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട പ്രതിരോധിക്കേണ്ട അവസ്ഥയെപ്പറ്റി പശ്ചാത്തപിച്ച് കൊണ്ടാണ് ഓരോരുത്തരും സ്വയ രക്ഷ പരിശീലനത്തിൽ പങ്കെടുത്തത്.
സംസ്ഥാനത്ത് ആശുപത്രി ആക്രമണം വർദ്ധിച്ച് വരുകയും, പുരുഷ ഡോക്ടർമാർക്കെന്ന പോലെ വനിതാ ഡോക്ടർമാർക്ക് നേരെയുമുള്ള ആക്രമണം വർദ്ധിച്ച് വരുകയും അതിന് സുരക്ഷ നൽകാൻ പോലീസ് ഉൾപ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കായി സ്വയ സുരക്ഷയ്ക്കുള്ള രീതികളെ പറ്റിയുള്ള പരിശീലന പരിപാടി ആരംഭിച്ചത്.
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കെജിഎംസിടിഎ പരിശീലന പരിപാടി ആരംഭിച്ചത്.
കേരള പോലീസിന്റെയും, കേരള സ്പോർട്സ് കൗൺസിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദിന്റെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെ 60 ഓളം ഡോക്ടർമാർക്ക് ആദ്യ ദിനത്തിൽ പരിശീലനം നൽകി.
മെഡിക്കൽ കോളേജിലെ എംഡിആർഎൽ ഹാളിൽ ആരംഭിച്ച പരിശീലന പരിപാടി കെജിഎംസിറ്റിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. കലാ കേശവൻ മുഖ്യാതിഥിയായിരുന്നു. കെജിഎംസിറ്റിഎ തിരുവനന്തപുരം പ്രസിഡൻറ് ഡോ. ആർ സി ശ്രീകുമാർ സെക്രട്ടറി ഡോ. കലേഷ് സദാശിവനും തുടങ്ങിയവർ പങ്കെടുത്തു.
രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലേക്കും നടപ്പാക്കും.

 
				 
		
		 
											
	