തിരുവനന്തപുരം: സ്ത്രീകളുടെ ആത്മവിശ്വാസം വളർത്താൻ ആവശ്യമായ ഇടപെടലിന് പൊതു സമൂഹം തയ്യാറാവണമെന്ന് മന്ത്രി ആർ. ചിഞ്ചുറാണി. അബല എന്ന ചുറ്റുപാടിൽ നിന്ന് മോചിതയാവാൻ സ്വന്തം കുടുംബത്തിന്റെയും ചുറ്റുപാടുകളുടെയും പിന്തുണ വനിതകൾക്ക് അനിവാര്യമാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച മഹിളകളെ മാതൃകയാക്കണമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആർ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന വനിതാ യാത്രാ വാരാചരണത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയുടെയും നെഹ്റുയുവകേന്ദ്രയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ആർ. ചിഞ്ചുറാണി നിർവ്വഹിച്ചു.നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സാബ്രിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, ബഡ്ജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക് മാനേജർ എൻ.കെ ജേക്കബ്ബ് സാംലോപ്പസ്, നെയ്യാറ്റിൻകര എ.ടി.ഒ. സാം കെ.ബി, നെയ്യാറ്റിൻകര യൂണിറ്റ് ബി.ടി.സി കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, ജോസഫൈൻ, വിനിത തുടങ്ങിയവർ സംസാരിച്ചു. നിംസ് ഹരിത ക്ലബ്ബംഗങ്ങൾ സ്ത്രീ ശാക്തീകരണത്തെ ആസ്പദമാക്കി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന നാൽപ്പത് വനിതളുടെ വാഴ്വാന്തോൾ, പൊന്മുടി ഏകദിന ഉല്ലാസയാത്രയും മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സിയിലെ ഏക വനിതാ ഡ്രൈവർ വി.പി. ഷീലയാണ് ആനവണ്ടി ഓടിച്ചത്. ഡ്രൈവർ വി.പി. ഷീല , കണ്ടക്ടർ എസ്. ശ്യാമള എന്നിവരെ ഉദ്ഘാടന യോഗത്തിൽ വച്ച് മന്ത്രി ആദരിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയി കൾക്കും, വനിതകൾക്കായി സംഘടിപ്പിച്ച വടംവലി, ഫുട്ബാൾ മത്സര വിജയികൾക്കും മന്ത്രി സമ്മാനങ്ങൾ നൽകി. വനിതകൾ മാത്രം അംഗങ്ങളായ ഉല്ലാസയാത്രാ വണ്ടിക്ക് പേരൂർക്കട , നെടുമങ്ങാട്, വിതുര എന്നിവിടങ്ങളിൽ സ്വീകരണങ്ങളും ലഭിച്ചു. വനിതാ ദിനാചരണ പരിപാടികൾക്ക് നെയ്യാറ്റിൻകര ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർ വി.എ ജയകുമാർ എന്നിവർ നേതൃത്വം നൽകി.