സാഹസിക റൈഡുകളും കണ്ണഞ്ചിപ്പിക്കും മ്യൂസിക്കൽ ഫൗണ്ടയിനും; വിസ്മയ കാഴ്ചകളൊരുക്കി ആക്കുളം വിനോദസഞ്ചാര കേന്ദ്രം
ജില്ലയിലെ ആദ്യ സാഹസിക പാർക്ക് വിനോദ സഞ്ചാര വകുപ്പ് മന്ത്രി നാളെ( നവംബർ 23) തുറന്നു നൽകും
അടിമുടി മാറി ആക്കുളം വിനോദസഞ്ചാര കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ ആദ്യ സാഹസിക വിനോദ സഞ്ചാര പാർക്ക് നാളെ ( നവംബർ 23) വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചരികൾക്കായി തുറന്ന് നൽകും. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആദ്യ സംരംഭമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ പറഞ്ഞു.
ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ മ്യൂസിക്കൽ ഫൗണ്ടൻ, എയർ ഫോഴ്സ് മ്യൂസിയവും , കോക്പിറ്റിന്റെ ചലിക്കുന്ന മാതൃകയും, കുട്ടവഞ്ചി സവാരിയുമൊക്കെയായി ഒരു ദിവസം മുഴുവൻ ആനന്ദിക്കാൻ ആവശ്യമായ റൈഡുകളും വിശ്രമസ്ഥലങ്ങളും, ലോകോത്തര മ്യൂസിക്കൽ ഫൗണ്ടയിനും സഞ്ചാരികളെ കാത്ത് ഒരുങ്ങിക്കഴിഞ്ഞു.
പാർക്കിലേക്ക് ഉദ്ഘാടന ദിവസം നാല് മണി മുതൽ എല്ലാ സാഹസിക വിനോദ റൈഡിലടക്കം സൗജന്യ പ്രവേശനം നൽകും . പുതുവത്സരം വരെ സാഹസിക വിനോദങ്ങൾ അടക്കമുള്ള പ്രവേശനങ്ങളിൽ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് ലഭിക്കും. ആക്കുളം ബോട്ട് ക്ലബ്ബ് പരിസരത്ത് പുതുതായി ആരംഭിക്കുന്ന സിനിമാ സൗഹൃദ കഫെയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്നത്.