ലോക ടൂറിസം മാപ്പില്‍ ഇടംപിടിച്ച മൂന്നാര്‍, മാലിന്യ സംസ്‌കരണ രംഗത്തും പുതിയ ചുവട് വയ്പ്പുമായി മുന്നേറുകയാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും ബാധ്യതയാകേണ്ടിയിരുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള പുനരുപയോഗ മാതൃകയുമായി അപ്‌സൈക്കിള്‍ പാര്‍ക്ക്, കല്ലാര്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുതിയ നിര്‍മ്മാണങ്ങള്‍, ജൈവമാലിന്യങ്ങള്‍ വളമാക്കുന്നതിനായി വിന്‍ഡ്രോ കമ്പോസ്റ്റിംഗ് സംവിധാനം, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌കരിക്കാന്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (RRF), മുതിരപ്പുഴയിലെ കയര്‍ഭൂവസ്ത്ര വിതാന പരിപാടി തുടങ്ങി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വിവിധ മാതൃകാ പദ്ധതികള്‍ക്ക് തിരി തെളിയിച്ചിരിക്കുകയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌കരണ രംഗത്ത് മൂന്നാറി ലുണ്ടാക്കിയ മുന്നേറ്റം കേരളത്തിനാകെ മാതൃകയാണെന്ന് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവും അധികം മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിരുന്ന മൂന്നാറാണിപ്പോള്‍ മനോഹരമായിരിക്കുന്നതെന്നും ആദ്യം ജനങ്ങളുടെ മനോഭാവം മാറ്റി മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കഴിയണമെന്നും, ഇത്തരം കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഹരിതകര്‍മ്മ സേനയുടേയും പങ്ക് പ്രധാനപ്പെട്ടതാണെന്നും ആ ഹരിതകര്‍മ്മ സേനയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പഴയ മൂന്നാറിലെ അപ്‌സൈക്കിള്‍ പാര്‍ക്കില്‍ വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഒരുക്കി കാത്തിരിക്കുന്നത് പാഴ് വസ്തുക്കളില്‍ നിന്ന് പുനര്‍ജ്ജനിച്ച ആനയും, കാട്ടുപോത്തും, തീവണ്ടിയും, മാനും ഒക്കെയാണ്. വാഹനങ്ങളുടെ അപ്‌ഹോള്‍സ്റ്ററി മാലിന്യങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ കാട്ടുപോത്തിന് ജീവന്‍ നല്‍കിയിരിക്കുന്നത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ തീര്‍ത്ത ആനയും, വിവിധ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള തീവണ്ടിയും പാര്‍ക്കിലെ പ്രധാന ആകര്‍ഷണമാണ്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന ദിവസേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും, പഴം, പച്ചക്കറി മാലിന്യങ്ങളുമെല്ലാം നല്ലതണ്ണിയിലെ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റില്‍ വളമായി മാറുകയാണ്. 'ജൈവവളം മൂന്നാര്‍ ഗ്രീന്‍' ഇവ വിപണിയില്‍ എത്തും. പ്ലാന്റില്‍ പ്രതിദിനം രണ്ട് ടണ്‍ ജൈവ മാലിന്യം വളമാക്കുന്നതിനുള്ള സംവിധാനമാണ് ഉള്ളത്.
ഹരിതകേരളം മിഷന്റേയും യു.എന്‍.ഡി.പിയുടെയും സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍ കാമ്പയിന്‍ പ്രവര്‍ത്തനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെയുള്ള മാലിന്യ സംസ്‌കരണവും ബോധ വല്‍ക്കരണവും ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ശുചിത്വവും മാലിന്യസംസ്‌കരണവും സംബന്ധിച്ച് ജനങ്ങളോട് നേരിട്ട് സംവദിച്ചും ആശയ വിനിമയം നടത്തിയുമാണ് കാമ്പയിന്‍ പുരോഗമിച്ചത്. മൂന്നാറില്‍ സമ്പൂര്‍ണ ഹരിത ടൂറിസം നടപ്പാക്കുന്നതിനും ശുചിത്വ മാതൃകകള്‍ നിലനിര്‍ത്തുന്നതിനും പഞ്ചായത്തുമായി ചേര്‍ന്ന് തുടര്‍പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ അറിയിച്ചു.