മാരിടൈം കസ്റ്റംസ് ആന്റ് ലോജിസ്റ്റിക് ലോയേഴ്‌സ് അസോസിയേഷന്റെ (എം-ക്ലാറ്റ്) രണ്ടാം വാര്‍ഷികാഘോഷവും മാരിടൈം ദിനാഘോഷവും സംഘടിപ്പിക്കുന്നു. നാളെ (19-10-22) വൈകിട്ട് മൂന്നിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന പരിപാടി തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മാരിടൈം, കസ്റ്റംസ്, ഇന്റര്‍ നാഷണല്‍ ട്രേഡ് രംഗങ്ങളില്‍ വിവിധ കോഴ്‌സുകള്‍ തുടങ്ങുതിന് എം-ക്ലാറ്റ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ചടങ്ങില്‍വച്ച് തുറമുഖ വകുപ്പു മന്ത്രിക്ക് കൈമാറും. മാരിടൈം ഇന്ത്യ വിഷൻ 2030, സാഗർമാല, ഭാരത് മാല, മേക് ഇൻ ഇന്ത്യ തുടങ്ങിയ പ്രോജക്ടുകളിലൂടെ ഭാവിയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഈ മേഖലകളിൽ സാങ്കേതിക പരിജ്ഞാനവും യോഗ്യതയും ഉള്ള നിരവധി യുവാക്കളെ ആവശ്യമാണ്. മാരിടൈം, കസ്റ്റംസ്, ഇന്റര്‍ നാഷണല്‍ ട്രേഡ് രംഗങ്ങളിൽ കോഴ്സുകൾ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം അത്യാവശ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തി തുറമുഖ വകുപ്പിന് കീഴിൽ ഒരു മാരിടൈം അക്കാദമി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. മാരിടൈം, കസ്റ്റംസ്, ഇന്റര്‍നാഷണല്‍ ട്രേഡ് നിയമങ്ങളില്‍ പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിഗ്രി കോഴ്‌സുകള്‍, ബാച്ചിലേഴ്‌സ് ഡിഗ്രി കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍, കസ്റ്റംസ് ബ്രോക്കേഴ്‌സ് ലൈസന്‍സിനുള്ള കോഴ്‌സ് എന്നിവയെല്ലാ പ്രത്യേക മാരിടൈം അക്കാഡമിയുടെ കീഴില്‍ ആരംഭിക്കുന്നതിനും പ്രോജക്ട് റിപ്പോര്‍ട്ടില്‍ നിർദേശമുണ്ട്. എം-ക്ലാറ്റ് സെക്രട്ടറി അഡ്വ കെ.ജെ. തോമസ് കല്ലംമ്പള്ളി രചിച്ച കടലും കപ്പലും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ളക്ക് നല്‍കിക്കൊണ്ട് മന്ത്രി നിര്‍വഹിക്കും. എം-ക്ലാറ്റ് പ്രസിഡന്റ് അഡ്വ പരവൂര്‍ ശശിധരന്‍പിള്ള അധ്യക്ഷനാകും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സിഇഒ ഡോ. ജയകുമാര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് സിഇഒ രാജേഷ് ഝാ, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള ബാര്‍ കൗൺസില്‍ വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് ആനയറ ഷാജി, എം-ക്ലാറ്റ് സെക്രട്ടറി അഡ്വ. കെ.ജെ.തോമസ് കല്ലംമ്പള്ളി, ജോയിന്റ് സെക്രട്ടറി അഡ്വ. വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.