തിരുവനന്തപുരം; ലഹരി പോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമാകുന്നു. ഈ മാസം 18ന് രാവിലെ 10.30 തിന് നാലാഞ്ചിറ ഗിരിദീപം കൺവെക്ഷൻ സെന്ററിൽ വെച്ച് നടക്കുന്ന സംസ്ഥാനത തല പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് കാത്തോലിക ബാവ മുഖ്യപ്രഭാഷണം നടത്തും. സിനിമാ താരം നിവിൻ പോളി മുഖ്യാതിഥിയായിരിക്കും. വിജിലൻസ് ഐജി എച്ച് . വെങ്കിടേഷ് ഐപിഎസ്, എസ്.പി ഇ.എസ് ബിജുമോൻ തുടങ്ങിയവർ പങ്കെടുക്കും.
ഏതു രാജ്യത്തിന്റെയും, സംസ്ഥാനങ്ങളുടെയും സുസ്ഥിരമായ വികസനത്തിന് അഴിമതി രഹിതമായ ഒരു ഭരണ സംവിധാനം ആവശ്യമാണ്.
അഴിമതിക്കാർക്കെതിരെ “Zero Tolerance” വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.
നാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കുന്ന ഒരു വിപത്താണ് അഴിമതി എന്ന് പുതു തലമുറയെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയും, ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളും യുവജനങ്ങളേയും ഇതിന്റെ മുൻ നിര പോരാളികളാക്കുന്നതിന് വേണ്ടിയും
അഴിമതി രഹിത കേരളം എന്ന സംസ്ഥാന വ്യാപകമായ ഒരു പ്രചാരണം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിചിട്ടുള്ളത്.
പരിപാടിയോട് അനുബന്ധിച്ച് അഴിമതിക്കെതിരെ വിജിലൻസ് വിഭാഗം തയ്യാറാക്കിയ ബോധവത്കരണ നാടകവും അവതരിപ്പിക്കും. കൂടാതെ
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ സ്കൂളുകൾ , റെസിഡൻസ് അസോസിയേഷനുകൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിലായി വിജിലൻസ് ബോധവൽക്കരണവാരാചരണവും നടത്തും.